'യേഴു കടൽ യേഴു മലൈ' റിലീസ് ഒക്ടോബർ 1 ന്
തമിഴ് സിനിമാ പ്രേമികളും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന് തിയറ്ററുകളിലേക്ക്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ റാം ഒരുക്കുന്ന ഈ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറിൽ എണ്ണായിരം വർഷത്തിലേറെയായി ജീവിക്കുന്ന ഒരപൂർവ്വ കഥാപാത്രമായാണ് നിവിൻ വേഷമിടുന്നത്. റിലീസിനായി ഇനി കേവലം രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. അഞ്ജലിയും സൂരിയുമാണ് നിവിൻ പോളിക്കൊപ്പം മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമാണം. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത 'റിച്ചി'ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം കൂടിയാണിത്.
റിലീസിനു മുൻപേ തന്നെ ആഗോള തലത്തിൽ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായുള്ള മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനും, നൂറ്റാണ്ടുകളായി തന്റെ പ്രണയിനിയെ തേടിയലയുന്ന ഒരു അമരനും തമ്മിലുള്ള അസാധാരണമായ ബന്ധമാണ് സിനിമയുടെ പ്രമേയം.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. എൻ.കെ. ഏകാംബരൻ ഛായാഗ്രഹണവും മതി വി.എസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഉമേഷ് ജെ കുമാർ (പ്രൊഡക്ഷൻ ഡിസൈനർ), സ്റ്റണ്ട് സിൽവ (ആക്ഷൻ), സാൻഡി (കൊറിയോഗ്രഫി), പട്ടണം റഷീദ് (മേക്കപ്പ്), ചന്ദ്രകാന്ത് സോനാവാനെ (കോസ്റ്റ്യൂം), ശബരി (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. രവി മരിയ, എൻ. അഴക പെരുമാൾ തുടങ്ങിയവരും താരനിരയിലുണ്ട്.