ഈ വേദനയും നഷ്ടബോധവും ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്'; 'ജനനായകൻ' ചോർന്നതിൽ വിജയ് ദേവരകൊണ്ട

വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ജനനായകൻ ചിത്രത്തിലെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ പ്രിന്റ് പുറത്തായത് തന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ സമാന അനുഭവം ഉണ്ടായപ്പോൾ താൻ അനുഭവിച്ച വേദന ഇന്നും ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ജനനായകൻ ചോർന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. കരിയറിൻ്റെ തുടക്കത്തിൽ ഇതുപോലൊന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും നഷ്ടബോധവും ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്. നിങ്ങളെ ലക്ഷ്യമിടുന്നു എന്ന് തോന്നും, പ്രത്യാശ നഷ്ടപ്പെട്ടതായി തോന്നും. ഇത് എന്റെ മാത്രം കാര്യമല്ല. സഹനടീനടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, എന്നിങ്ങനെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് തകരുന്നത്.

ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും വേണം. അല്ലാത്തപക്ഷം ഇത് ഒരു വ്യവസ്ഥാപിത പരാജയമായി കണക്കാക്കപ്പെടും. ആളുകൾക്ക് എത്രമാത്രം അസഹിഷ്ണുത കാണിക്കാനാകും എന്നും, യാതൊരു ചിന്തയുമില്ലാതെ ദ്രോഹിക്കാൻ ചിലർ എത്രത്തോളം പോകും എന്നും ഇത് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചിത്രത്തിൻ്റെ മുഴുവൻ ടീമിനും എൻ്റെ ചിന്തകളും നിരുപാധികമായ പിന്തുണയും ഞാൻ അറിയിക്കുന്നു." വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ജനനായകന്റേതായി പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല.