അമ്മ' തലപ്പത്തിരിക്കുന്ന സ്ത്രീകൾ പ്രതികരിക്കാതെ എസ്‌കേപ്പാവുന്നു; അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പം: നടൻ ബാബുരാജ്

അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു. 
നിലവില്‍ 'അമ്മ' തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു.
 

കൊച്ചി: അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു. 
നിലവില്‍ 'അമ്മ' തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസിൽ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തിരുന്നു. കേസിൽ കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ചചെയ്തുവെന്നും വിവരം വന്നിരുന്നു.

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ 'അമ്മ' സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.