ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തിയ ‘ഹഖ്’ ഒ.ടി.ടിയിലേക്ക് 

 

ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തിയ കോർട്ട് റൂം ഡ്രാമ ഹഖ് ഒ.ടി.ടിയിലേക്ക്. രേഷു നാഥ് എഴുതി സുപർൺ എസ്. വർമ സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെക്കുറിച്ചുള്ള അതിമനോഹരമായ അവതരണം, ആകർഷകമായ കഥാതന്തു, യാഥാർത്ഥ്യബോധമുള്ള കോടതി നടപടികൾ എന്നിവയാൽ പ്രശംസിക്കപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 2026 ജനുവരി രണ്ട് മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ചിത്രം നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിയമ പോരാട്ടങ്ങളിൽ ഒന്നായ മുഹമ്മദ് അഹമ്മദ് ഖാൻ vs. ഷാ ബാനോ ബീഗം എന്ന കേസാണ് 'ഹഖ്' എന്ന സിനിമക്ക് പ്രചോദനമായത്. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലുമുള്ള സാമൂഹികവും നിയമപരവുമായ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ജീവനാംശം, വ്യക്തിനിയമം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നു. ജിഗ്ന വോറ എഴുതിയ 'ബാനോ: ഭാരത് കി ബേട്ടി' എന്ന പുസ്തകത്തിൽ പറയുന്ന സംഭവങ്ങളുടെ ഫിക്ഷണലൈസ് ചെയ്തതും നാടകീയവുമായ രൂപമാണ് ഹഖ്.

ഷാസിയ ബാനോ എന്ന മുസ്ലീം സ്ത്രീയായി യാമി ഗൗതം വേഷമിടുന്നു. ഉപേക്ഷിക്കപ്പെട്ട ശേഷം തനിക്കും കുട്ടികൾക്കും വേണ്ടി ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 125 പ്രകാരം ജീവനാംശം തേടി അവർ കോടതിയെ സമീപിക്കുന്നു. അഡ്വക്കേറ്റ് മുഹമ്മദ് അബ്ബാസ് ഖാൻ ആയാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. അദ്ദേഹത്തിന്റെ നിയമപരമായ തിരഞ്ഞെടുപ്പുകളും നടപടികളും കേസിൽ നിർണായകമാകുന്നു. വിശ്വാസം, സ്വത്വം, ആർട്ടിക്കിൾ 44 പ്രകാരമുള്ള ഏകീകൃത സിവിൽ കോഡ് , വ്യക്തിപരമായ വിശ്വാസവും ഭരണഘടനാ നിയമവും തമ്മിലുള്ള പൊരുത്തക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു.

തിയറ്റർ റിലീസിന് മുന്നോടിയായി, ഷാ ബാനോ ബീഗത്തിന്റെ മകൾ ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ഹരജി തള്ളുകയും സിനിമക്ക് നിശ്ചയിച്ച പ്രകാരം റിലീസ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു. യാമി ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരെ കൂടാതെ വർത്തിക സിങ്, ഷീബ ചദ്ദ, ഡാനിഷ് ഹുസൈൻ, അസീം ഹട്ടങ്ങാടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാമിയും ഇമ്രാനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രം ഇന്ത്യയിൽ 19.37 കോടി കലക്ഷൻ നേടിയതായും ലോകമെമ്പാടുമുള്ള മൊത്തം കളക്ഷൻ 28.44 കോടി ആണെന്നും റിപ്പോർട്ടുണ്ട്.