ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം
ദുൽഖറിനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ "കാന്ത" ഒടിടി റിലീസിലും വൻ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബർ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊൾ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിംഗാണ്. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ദുൽഖറിനറെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചർച്ചയായി മാറിയത്. ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ തീയേറ്റർ റിലീസായി എത്തിച്ചതും വേഫറെർ ഫിലിംസ് ആണ്.
ഡിജിറ്റൽ റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രശംസ വളരെ വലുതാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിൻ്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് 'കാന്ത'. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് പ്രേക്ഷകരെ രസിപ്പിച്ചത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്‍തിട്ടുണ്ട്.