ദുൽഖറിന്റെ പുതിയ ചിത്രം ; ‘ആകാശംലോ ഒക താര’ നവംബർ 20-ന് എത്തും
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ ടീസർ പുറത്തിറങ്ങി. നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ ടീസർ പുറത്തിറങ്ങി. നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ സഹകരണത്തോടെ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.
പ്രണയവും ഫീൽ ഗുഡ് നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ടീസർ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. സാത്വിക അവതരിപ്പിക്കുന്ന ‘കല്പന’ എന്ന സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. സമൂഹം കൽപ്പിച്ചു നൽകിയ അതിർവരമ്പുകൾ ഭേദിച്ചു തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അവൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പം നിൽക്കുന്ന ‘കൃഷ്ണ’ എന്ന ദുൽഖർ കഥാപാത്രത്തിന്റെയും ഹൃദയസ്പർശിയായ യാത്രയാണ് ചിത്രം പറയുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം വലിയ പ്രാധാന്യം നൽകുന്നുണ്ട്.
ചിത്രത്തിൽ ദുൽഖർ സൽമാന്റെ ‘കൃഷ്ണ’ എന്ന ലുക്ക് നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ മറ്റൊരു നിർണ്ണായക വേഷത്തിലുണ്ട്. കൂടാതെ മുരളി ശർമ, സ്വാസിക തുടങ്ങിയവരും പ്രധാന താരനിരയിലുണ്ട്. ഇതിനോടകം റിലീസ് ചെയ്ത ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.