ആഗോളതലത്തിൽ 565 കോടി വാരി ഹിന്ദി ദൃശ്യം 3
ബോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ‘ദൃശ്യം 3’ (ദൃശ്യം ദി കൺക്ലൂഷൻ) റിലീസിന് പിന്നാലെ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുന്നു. മോഹൻലാൽ നായകനായ മലയാളം ഒറിജിനൽ പതിപ്പിന്റെ റിലീസിന് തൊട്ടുപിന്നാലെ തിയേറ്ററുകളിലെത്തിയ ഹിന്ദി റീമേക്ക് പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ലെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അഭിനയത്തിലും നിർമ്മാണത്തിലും വേറിട്ട അനുഭവം സമ്മാനിച്ച ചിത്രം ആഗോളതലത്തിൽ ഇതുവരെ 565 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
ചിത്രത്തിന് നാലര (4.5/5) റേറ്റിംഗ് നൽകിയ പ്രമുഖ സിനിമാ നിരൂപകൻ തരൺ ആദർശ്, ‘ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ’ എന്നാണ് ദൃശ്യം 3-യെ വിശേഷിപ്പിച്ചത്. മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഒട്ടും പ്രവചിക്കാൻ കഴിയാത്ത കഥാഗതിയാണ് ചിത്രത്തെ സസ്പെൻസ് ത്രില്ലറാക്കി മാറ്റുന്നത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരുടെ ശക്തമായ അഭിനയവും പ്രേക്ഷകപ്രശംസ നേടുന്നുണ്ട്.
മലയാളം പതിപ്പിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ഹിന്ദി റീമേക്ക് ഒരുക്കിയിരിക്കുന്നത്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലിംഗ് അനുഭവമാണ് തിയേറ്ററുകളിൽ സമ്മാനിക്കുന്നത്.