ചരിത്രമെഴുതാൻ ദൃശ്യം 2 വീണ്ടും തിയേറ്ററുകളിലേക്ക്!
ഒടിടിയിൽ റിലീസ് ചെയ്ത ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ഒരു സിനിമ- മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത ആ അത്ഭുതത്തിന് വഴിയൊരുക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം. കോവിഡ് പ്രതിസന്ധിക്കിടയിൽ 2021-ൽ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ‘ദൃശ്യം 2’, വർഷങ്ങൾക്കിപ്പുറം ബിഗ് സ്‌ക്രീനിൽ ആവേശം തീർക്കാൻ വീണ്ടും എത്തുന്നു
എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നായ ‘ദൃശ്യം’ പുറത്തിറങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം വന്നത്. അന്ന് തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമായിരുന്നു എന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്ന ചിത്രമാണിത്. ഈ വർഷം മേയ് 21-ന് പുറത്തിറങ്ങുന്ന ‘ദൃശ്യം 3’-ന് മുന്നോടിയായി പ്രേക്ഷകർക്ക് ഒരു ഉഗ്രൻ ട്രീറ്റ് എന്ന നിലയിലാണ് ലാലേട്ടൻ ഈ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചത്.
ജോർജുകുട്ടിയും കുടുംബവും നേരിടുന്ന സങ്കീർണ്ണമായ നിയമയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മീന, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത് തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ദൃശ്യം മൂന്നാം ഭാഗത്തിന്റെ ആവേശം ഇരട്ടിയാക്കാൻ രണ്ടാം ഭാഗത്തിന്റെ ഈ തിയേറ്റർ പ്രവേശനം സഹായിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ കണക്കുകൂട്ടൽ.