‘ദൃശ്യം 3’ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായി  

 

 മലയാളം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ആഗോളതലത്തിൽ 250 കോടി ക്ലബ്ബിലേക്ക് അടുക്കുമ്പോൾ, ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ അഭിഷേക് പഥക് അറിയിച്ചു.

ചിത്രീകരണം പൂർത്തിയായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവിധായകൻ പങ്കുവെച്ചത്. “കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയായിരുന്നു ഞങ്ങളുടെ ലോകം. ഒട്ടനവധി രാപ്പകലുകൾ ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ചു. വെല്ലുവിളികൾ അതിജീവിച്ചും ചിരി പങ്കുവെച്ചും ഒടുവിൽ ഈ കഥക്ക് ജീവൻ നൽകി. ഈ സിനിമയുടെ ഓരോ ഫ്രെയിമിലും അണിയറപ്രവർത്തകരുടെ കഠിനാധ്വാനവും അഭിനിവേശവുമുണ്ട്. ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ്,” അഭിഷേക് പഥക് കുറിച്ചു.

അജയ് ദേവ്ഗണിനൊപ്പം ശ്രിയ ശരൺ, തബു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും ഹിന്ദി പതിപ്പിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2015-ൽ നിഷികാന്ത് കാമത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം ഹിന്ദി റീമേക്ക് 150 കോടിയോളം രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. തുടർന്ന് 2022-ൽ പുറത്തിറങ്ങിയ ദൃശ്യം 2-ന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുകയും 300 കോടിയിലധികം രൂപ കളക്ഷൻ നേടുകയും ചെയ്തിരുന്നു. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് ശേഷമാണ് അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനായി ചുമതലയേറ്റത്.