‘ദൃഢം’ നാളെ ഒ.ടി.ടിയിൽ എത്തും
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഷെയ്ൻ നിഗം ചിത്രം ‘ദൃഢം’ ഒ.ടി.ടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രം ജൂൺ 12 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നീ സിനിമകൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
ഏറെ ആഗ്രഹത്തോടെയും ആത്മവിശ്വാസത്തോടെയും ഒരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്‍ണൻ ചാർജെടുക്കുന്നതും, തുടർന്ന് അവിടെ ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില സങ്കീർണ്ണമായ പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. ‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ശക്തമായ ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി. എം. ഉണ്ണികൃഷ്‍ണനാണ്. വിനായക് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിയേറ്ററുകളിൽ മിസ്സ് ചെയ്തവർക്ക് നാളെ മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ‘ദൃഢം’ ആസ്വദിക്കാം.