കരിയറിൽ ആളുകൾക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുനിന്ന ഒരു ഘട്ടത്തിലാണ് സംവിധായകൻ ഷഹദ് തന്നെ തേടിവരുന്നത് ; നടി പാർവതി തിരുവോത്ത്
വൻ വിജയം നേടിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ വിജയാഘോഷ വേളയിൽ നടി പാർവതി തിരുവോത്ത് വികാരഭരിതയായി സംസാരിച്ചത് സിനിമാപ്രേമികളുടെ ശ്രദ്ധ നേടുന്നു. കരിയറിൽ ആളുകൾക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുനിന്ന ഒരു ഘട്ടത്തിലാണ് സംവിധായകൻ ഷഹദ് തന്നെ തേടിവരുന്നതെന്നും, തന്റെ കൂടെ വർക്ക് ചെയ്യുക എന്നത് ചെറിയൊരു റിസ്ക് ആയിരുന്നിട്ടും സംവിധായകനും നിർമ്മാതാക്കളും തന്നിൽ വിശ്വാസമർപ്പിക്കുകയായിരുന്നുവെന്നും പാർവതി വാക്കുകൾ ഇടറിക്കൊണ്ട് പറഞ്ഞു.
ചിത്രത്തിലെ ‘അലീന എബ്രഹാം’ എന്ന കഥാപാത്രം തനിക്ക് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിലുപരി അവളൊരു അമ്മ കൂടിയാണെന്ന വൈകാരികത കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകനും എഴുത്തുകാർക്കും കഴിഞ്ഞു. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള നടൻ വിജയരാഘവന്റെ നിർദ്ദേശങ്ങളും കരുതലും ഷൂട്ടിംഗ് സെറ്റിൽ വലിയ പിന്തുണയായിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു. ഉണ്ണിമായ, സിദ്ധാർത്ഥ് എന്നിവരുമായുള്ള സൗഹൃദവും, കഠിനാധ്വാനത്തോടെയുള്ള ഷൂട്ടിംഗ് അനുഭവങ്ങളും താരം ഓർത്തെടുത്തു.
തന്റെ 20 വർഷത്തെ കരിയറിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അലീന എബ്രഹാമിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. മുൻ സിനിമയുടെ പരാജയത്തിൽ നിന്ന് പുതിയ ജോണറിലേക്ക് മാറിയ സംവിധായകൻ ഷഹദിന്റെയും, കാമറമാൻ റോബി, എഡിറ്റർ ചമൻ എന്നിവരുടെയും പിന്തുണയും അവർ എടുത്തുപറഞ്ഞു. ഒടുവിൽ സംസാരിക്കുമ്പോൾ മാതാപിതാക്കളെ ഓർത്ത് പാർവതി വികാരാധീനയായി. താൻ ജോലി ചെയ്യുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന പിന്തുണയും, ഓരോ വിജയത്തിലും അവരുടെ കണ്ണിൽ കാണുന്ന സന്തോഷവുമാണ് തനിക്ക് ഏറ്റവും വലിയ കരുപ്പെന്നും താരം കൂട്ടിച്ചേർത്തു.