തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് നേടിത്തന്നത് ദിലീപിനെ പിന്തുണച്ച വിഷയം ; ദിലീപിന് വേണ്ടി പലതവണ വിളിച്ചിട്ടുള്ള നാദിർഷ താൻ സ്ഥാനാർത്ഥിയായപ്പോൾ ഒരു ആശംസ പോലും നേർന്നില്ലെന്ന് അഖിൽ മാരാർ
മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ച് നിരന്തരം ശത്രുക്കളെ സമ്പാദിച്ചെന്നും, തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് നേടിത്തന്നത് ദിലീപിനെ പിന്തുണച്ച വിഷയമാണെന്നും തുറന്നുപറഞ്ഞ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ദിലീപിന് വേണ്ടി പലതവണ തന്നെ വിളിച്ചിട്ടുള്ള നാദിർഷ താൻ സ്ഥാനാർത്ഥിയായപ്പോൾ ഒരു ആശംസ പോലും നേർന്നില്ലെന്നും, പകരം പിഷാരടിക്കു വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോവുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഇനി മുതൽ തന്റെ ശബ്ദം തനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
താൻ അത്രയധികം പിന്തുണച്ച ദിലീപിന്റെ ജീവിതം തകർത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ നാദിർഷ, “തോൽക്കാൻ പോകുന്നവന് എന്ത് ആശംസ” എന്ന ചിന്തയിലാണ് തനിക്ക് ആശംസ നൽകാതിരുന്നതെന്ന് അഖിൽ കുറിപ്പിൽ പറയുന്നു. ദിലീപ് വിഷയത്തിൽ അയാൾക്കൊപ്പം നിൽക്കുന്നത് സമൂഹത്തിൽ വലിയ എതിർപ്പുകൾ ഉണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും, സത്യം അയാളുടെ ഭാഗത്താണെന്ന് കരുതി മാത്രമാണ് താൻ പിന്തുണച്ചതെന്നും, പണം വാങ്ങി സംസാരിച്ചതാണെന്നുള്ള ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടന്റെ രാമനെക്കുറിച്ചുള്ള പ്രസ്താവനയെ എതിർത്തപ്പോൾ ദളിത് സമൂഹം ശത്രുവായെന്നും, എൻ.എസ്.എസിനെ എതിർത്ത് കെ.പി.എം.എസിന് വേണ്ടി സംസാരിച്ചപ്പോഴാണ് കോൺഗ്രസിൽ നിന്ന് പുറത്തുപോകേണ്ടി വന്നതെന്നും അദ്ദേഹം ഓർമിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജനവിരുദ്ധ തീരുമാനങ്ങളെ എതിർത്തതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രുവാകേണ്ടി വന്നുവെന്നും, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിനെ എതിർത്തതിന് തന്നെ കേരളത്തിലെ ആദ്യത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ചുവെന്നും അഖിൽ കുറിപ്പിൽ പറയുന്നു. എമ്പുരാൻ വിഷയത്തിലും സമാധാനപരമായ നിലപാടാണ് താൻ സ്വീകരിച്ചിരുന്നത്. കൊട്ടാരക്കരയിലെ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടും തന്റെ വോട്ടർ ഐഡിയും വാഹന രജിസ്ട്രേഷനും ഇന്നും കോട്ടത്തലയിൽ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവനവനു വേണ്ടി അല്ലാതെ അപരന് വേണ്ടി സംസാരിച്ച് വലിയ ശത്രുക്കളെ ഉണ്ടാക്കിയിട്ടും തനിക്ക് ഇത്രയും നാളും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞത് സത്യം തിരിച്ചറിയുന്ന ഒരു ശക്തി ഒപ്പമുള്ളതുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന അഖിൽ മാരാർ, തന്റെ ശബ്ദം ഇനി പൂർണ്ണമായും കുടുംബത്തിന് വേണ്ടി മാത്രമായി മാറ്റിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.