ഒടിടിയിലും റെക്കോർഡ് നേട്ടവുമായി  ‘ധുരന്ദർ’

ആദിത്യ ധറിന്റെ സംവിധാനത്തിൽ രൺവീർ സിംഗ് നായകനായ മാസ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും റെക്കോർഡുകൾ തിരുത്തുന്നു.
 

 ആദിത്യ ധറിന്റെ സംവിധാനത്തിൽ രൺവീർ സിംഗ് നായകനായ മാസ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും റെക്കോർഡുകൾ തിരുത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 285 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നും, രൺവീർ സിംഗിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

തിയേറ്ററുകളിൽ നിന്ന് മാത്രം ആഗോളതലത്തിൽ 1344.64 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് 1051.14 കോടിയും വിദേശ വിപണിയിൽ നിന്ന് 293.50 കോടിയും ചിത്രം നേടി. പാൻ ഇന്ത്യൻ റിലീസോ ഡബ്ബ് വേർഷനുകളോ ഇല്ലാതെയാണ് ധുരന്ദർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ മാർക്കറ്റിൽ ആർആർആർ, ജവാൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളെ പിന്നിലാക്കിയാണ് സിനിമ മുന്നേറുന്നത്. സിനിമ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് വലിയ കൈയടി ലഭിച്ചിരുന്നെങ്കിൽ, ഒടിടിയിൽ എത്തിയതോടെ രൺവീറിന്റെ പ്രകടനത്തെയും ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ഭാഗത്തിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2026 മാർച്ച് 19-ന് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി ‘ധുരന്ദർ 2’ തിയേറ്ററുകളിലെത്തും. ‘ഉറി’ക്ക് ശേഷം ആദിത്യ ധർ ഒരുക്കിയ ഈ ചിത്രം ബോളിവുഡിന്റെ യഥാർത്ഥ കരുത്ത് തെളിയിക്കുന്ന ഒന്നാണെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.