ഇന്ദ്രജിത്ത് നായകനായ 'ധീരം' ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്
നടൻ ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമായി ശ്രദ്ധ നേടുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘ധീരം’. ഇന്ദ്രജിത്ത് ഒരു ഹൈ-വോൾട്ടേജ് കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ‘ധീരം’ ഡിസംബർ 5-ന് റിലീസിനെത്താൻ ഒരുങ്ങുകയാണ്. മുൻപ് അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ശക്തമായ പ്രകടനമാണ് ഇന്ദ്രജിത്തിൽ നിന്ന് ഈ ക്രൈം ത്രില്ലർ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്.
‘ധീരം’ ഒരുക്കുന്നത് റെമോ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെമോഷ് എം.എസ്സും, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കലും ചേർന്നാണ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനെ കൂടാതെ, അജു വർഗ്ഗീസ്, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, ‘പണി’ ഫെയിം സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. സൗഗന്ദ് എസ്.യു ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ‘ക്യാപ്റ്റൻ മില്ലർ’, ‘സാനി കായിദം’, ‘റോക്കി’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ എഡിറ്ററായ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ‘ധീരത്തിനുണ്ട്’. കൂടാതെ, ‘അഞ്ചക്കള്ളകൊക്കാൻ’, ‘പല്ലൊട്ടി 90സ് കിഡ്‌സ്’ തുടങ്ങിയ സിനിമകൾക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ധീരം’.