ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ സൽമാൻ ഖാന് വധഭീഷണി
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ താരം സൽമാൻ ഖാന് വധഭീഷണി. വെടിയുതിർത്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അനിൽ പണ്ഡിറ്റ് എന്നയാളുടേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്യോടും
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ താരം സൽമാൻ ഖാന് വധഭീഷണി. വെടിയുതിർത്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അനിൽ പണ്ഡിറ്റ് എന്നയാളുടേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്യോടും ബിഷ്ണോയ് സമുദായത്തോടും സൽമാൻ ഖാൻ മാപ്പുപറയണമെന്ന് ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നു. മാപ്പുപറഞ്ഞില്ലെങ്കിൽ നടന്റെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നും സുരക്ഷാസംവിധാനങ്ങളിൽ അമിതമായി വിശ്വസിക്കേണ്ടതില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് പുറത്തുവിട്ട ഓഡിയോയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭീഷണിയെത്തുടർന്ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിനുമുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും വാഹനങ്ങളെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കി.
ജുഹുവിൽ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ അക്രമികൾ വെടിയുതിർത്ത സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഷ്റോഫ് ക്ലബ്ബിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് വാഹനം ലക്ഷ്യമിട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് മോഹിത് ഗാർഗ് സ്ഥിരീകരിച്ചു. വെടിവെപ്പിനുശേഷം പ്രതികൾ എസ്.വി. റോഡ് വഴി കടന്നുകളയുകയും അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷനുസമീപം ബൈക്ക് ഉപേക്ഷിച്ച് ട്രെയിനിൽ ഗുജറാത്തിലേക്ക് കടക്കുകയുമായിരുന്നു. പൂനെ ജയ്പൂർ എക്സ്പ്രസിലുണ്ടായിരുന്ന പ്രതികളെ, പുറത്തേക്കുള്ള വഴികളും പ്ലാറ്റ്ഫോമുകളും വളഞ്ഞാണ് പിടികൂടിയത്. പ്രതികളിൽ ഒരാൾ റാപ്പിഡോ റൈഡറാണെന്നും, ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്യുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റ് പ്രതികളിലൊരാളായ റെഹാനുമായി ബന്ധപ്പെട്ടിരുന്നതായും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വെടിവെപ്പിനു പിന്നാലെ ടൈഗർ ഷ്റോഫിന്റെ വസതിക്ക് മുന്നിൽ ആരാധകർ പൂക്കളുമായി തടിച്ചുകൂടി.