ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി

ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. നടന്മാരായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് ഭീഷണി നേരിട്ടിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

 

 മുംബൈ: ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. നടന്മാരായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് ഭീഷണി നേരിട്ടിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമ്മിച്ചാലും രക്ഷപ്പെടില്ലെന്നാണ് പോസ്റ്റിലെ മുന്നറിയിപ്പ്. 1984-ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചാണ് ഈ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. മുംബൈയിൽ രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി.

മുംബൈയിൽ തങ്ങളുടെ ഇരുന്നൂറോളം കൂട്ടാളികൾ സജ്ജമായിട്ടുണ്ടെന്നും പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. സംഭവത്തിന്റെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെങ്കിലും, ബച്ചൻ കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ സെൽ കഴിഞ്ഞ ദിവസം പിടികൂടിയ വികാസ് താക്കൂർ, ദീപക് സിങ് എന്നീ ഷൂട്ടർമാർ സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ, ഗുരു രൺധാവ തുടങ്ങിയ പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടയിൽ, ഗുജറാത്തിലെ സബർമതി ജയിലിൽ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷ്ണോയി ജയിലിൽ നിന്ന് ഒളിപ്പോരാളികളെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നുണ്ടെന്ന സംശയവും ശക്തമാണ്.