അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ലക്ഷ്യമിട്ട് വീണ്ടും വധഭീഷണി സന്ദേശം
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തിൽ രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി സന്ദേശം. ഇക്കുറി ബച്ചനെ കൂടാതെ മകൻ അഭിഷേക് ബച്ചനും വധഭീഷണിയുണ്ട്.
മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തിൽ രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി സന്ദേശം. ഇക്കുറി ബച്ചനെ കൂടാതെ മകൻ അഭിഷേക് ബച്ചനും വധഭീഷണിയുണ്ട്.
അധോലോക കുറ്റവാളി ഗോൾഡി ധില്ലന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവർക്കുമെതിരെ ഭീഷണി ഉയർന്നത്. ബുള്ളറ്റ് പ്രൂഫ് സുരക്ഷയൊരുക്കിയാലും ഇരുവരെയും വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും പേരെടുത്ത് പരാമർശിച്ചാണ് വധഭീഷണി മുഴക്കിയത്. എത്ര ശക്തമായ ബുള്ളറ്റ് പ്രൂഫ് സുരക്ഷ ഒരുക്കിയാലും ഇരുവരെയും വധിക്കുമെന്നാണ് ഭീഷണി. അതേസമയം, സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിന്റെ ആധികാരികതയും അതിലെ അവകാശവാദങ്ങളും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്ത വികാസ് ഠാക്കൂറും ദീപക് സിങ്ങും തന്റെ സംഘാംഗങ്ങളാണെന്ന് ഗോൾഡി ധില്ലൻ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഇവരുടെ അറസ്റ്റ് തങ്ങളുടെ നീക്കങ്ങളെ ബാധിക്കില്ലെന്നും മുംബൈയിൽ 200ഓളം സംഘാംഗങ്ങൾ സജ്ജരാണെന്നും പോസ്റ്റിൽ പറയുന്നു.
1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പരാമർശിച്ച പോസ്റ്റിൽ സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, തനിക്കെതിരായ ഇത്തരം ആരോപണങ്ങൾ അമിതാഭ് ബച്ചൻ നേരത്തെ നിഷേധിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ നേരത്തെ മൂന്ന് ബോംബ് ഭീഷണി ഇമെയിലുകളും ലഭിച്ചിരുന്നു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ജൽസയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആരാധകരെ കാണുന്നതിനായി വസതിക്ക് പുറത്തുവരുമ്പോഴും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. നവംബർ ഒന്നിന് ആരാധകരെ അഭിവാദ്യം ചെയ്യാൻ അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിന് പിന്നിൽ നിന്നാണ് പ്രത്യക്ഷപ്പെട്ടത്.