ഡിയർ കോമറേഡ് ഇറങ്ങിയത് മുതൽ ,വർഷങ്ങളോളം എന്റെ ശബ്ദം കേട്ടില്ല, ഇപ്പോൾ സന്തോഷമായി; വിജയ് ദേവരകൊണ്ട
ചിരഞ്ജീവി നായകനാകുന്ന 'മന ശങ്കര വര പ്രസാദ് ഗരു' ജനുവരി 12 ന് വലിയ സ്‌ക്രീനുകളിൽ എത്തും. മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, കോടതി ഉത്തരവുകൾ പ്രകാരം ബുക്ക്‌മൈഷോയിൽ ഈ ചിത്രത്തിന്റെ അവലോകനങ്ങളും റേറ്റിംഗുകളും സിനിമാപ്രേമികൾക്ക് കാണാൻ കഴിയില്ല. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ഈ നടപടിയിൽ തനിക്ക് സന്തോഷമുണ്ടെന്ന് നടൻ പറഞ്ഞു. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ സിനിമയുടെ റിംഗ് ഇടുന്നതും അവലോകനങ്ങൾ നടത്തുന്നതും ചിത്രത്തെ മോശമായി ബാധിക്കുമെന്നും താൻ വളരെ കാലമായി ഇതിനെതിരെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
'ഇത് കാണുമ്പോൾ സന്തോഷവും ദുഃഖവും ഒരുമിച്ച് തോന്നുന്നു. ഒരുവശത്ത്, പലരുടെയും കഠിനാധ്വാനവും സ്വപ്നങ്ങളും പണവും ഒരുവിധത്തിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് അറിയുന്നത് സന്തോഷകരമാണ്. അതേസമയം, ഈ പ്രശ്നങ്ങൾക്ക് കാരണം നമ്മുടെ തന്നെ ആളുകളാണെന്ന യാഥാർത്ഥ്യം ദുഃഖകരമാണ്. “ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ”, “ഒരുമിച്ച് വളരൂ” എന്ന ചിന്തയ്ക്ക് എന്ത് സംഭവിച്ചു?
ഡിയർ കോമറേഡ് കാലം മുതൽ തന്നെ സംഘടിത ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന രാഷ്ട്രീയം ഞാൻ ആദ്യമായി കാണാൻ തുടങ്ങി. ഈ വർഷങ്ങളിലുടനീളം എന്റെ ശബ്ദം ചെവിക്കൊള്ളപ്പെടാതെ പോയി. “ഒരു നല്ല സിനിമയെ ആരും തടയാൻ കഴിയില്ല” എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് എന്നോടൊപ്പം സിനിമ ചെയ്യുന്ന ഓരോ നിർമാതാവും സംവിധായകനും ഈ പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിയേണ്ടിവന്നു.
ഇത് ചെയ്യുന്നവർ ഏതു തരത്തിലുള്ള ആളുകളാകുമെന്നതും, എന്റെ സ്വപ്നങ്ങളെയും എന്നെപ്പോലെ വരാനിരിക്കുന്ന പലരുടെയും സ്വപ്നങ്ങളെയും എങ്ങനെ സംരക്ഷിക്കാമെന്നതും ചിന്തിച്ച് ഞാൻ പല രാത്രികളും ഉറങ്ങാതെ കഴിച്ചിട്ടുണ്ട്.
ഇപ്പോൾ ഇത് തുറന്നുവെളിച്ചത്തിലേക്ക് വന്നതിലും, മെഗാസ്റ്റാർ പോലെയുള്ള വലുതും ശക്തവുമായ ഒരാളെ പോലും കേന്ദ്രമാക്കി വരുന്ന സിനിമകൾക്ക് ഭീഷണിയുണ്ടെന്ന് കോടതി അംഗീകരിച്ചതിലും ഞാൻ സന്തോഷവാനാണ്. ഇത് പ്രശ്നം പൂർണമായി പരിഹരിക്കില്ലെങ്കിലും, ചിന്തിക്കേണ്ട ഒരു ഭാരം കുറയും. ഇപ്പോൾ, അവധിക്കാലത്ത് നമ്മെ എല്ലാം ആനന്ദിപ്പിക്കുന്ന തരത്തിൽ എല്ലാ സംക്രാന്തി സിനിമകളും മികച്ച വിജയം നേടട്ടെയെന്ന് ആശംസിക്കാം,' വിജയ് ദേവരകൊണ്ട കുറിച്ചു.