ആഗോള കളക്ഷനിൽ ആ മാന്ത്രിക സംഖ്യ കടന്ന് ‘ഡിസി’ 

 

 സംവിധായകനായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ലോകേഷ് കനകരാജ് നായകനായി അരങ്ങേറിയ ‘ഡിസി’ ബോക്‌സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചിത്രം 51.71 കോടി രൂപ ആഗോള കളക്ഷനായി നേടിക്കഴിഞ്ഞു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.

കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം വമ്പൻ റിലീസായി തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളികൾ. ഒരു ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിൽ വാമിക ഗബ്ബിയാണ് നായികയായെത്തുന്നത്. ‘ദേവദാസ്’ എന്ന കഥാപാത്രത്തെ ലോകേഷ് അവതരിപ്പിക്കുമ്പോൾ ‘ചന്ദ്ര’ എന്ന കഥാപാത്രമായാണ് വാമിക എത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

സഞ്ജന കൃഷ്ണമൂർത്തി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വയലൻസിനും പ്രണയത്തിനും പുറമെ ശക്തമായ വൈകാരിക നിമിഷങ്ങളുമുണ്ടെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ. അരുൺ രഞ്ജൻ അഡീഷണൽ സ്ക്രീൻപ്ലേയും അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവർ സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു. മുകേഷ് ജി ഛായാഗ്രഹണവും ജി.കെ. പ്രസന്ന എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയത് പിസി സ്റ്റണ്ട്സ് ആണ്.