ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിനൊപ്പം വീണ്ടും ഞെട്ടിക്കാൻ ജഗദീഷ് ...

 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്ടർ പോസ്റ്റർ പുറത്ത്.
 


 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ അലി എന്ന കഥാപാത്രമായാണ് ജഗദീഷ് എത്തുന്നത്. 'മാർക്കോ'യിൽ ടോണി ഐസക് എന്ന വേഷം ജഗദീഷ് അവിസ്മരണീയമാക്കിയിരുന്നു. കാട്ടാളനിലും ഏറെ വേറിട്ട വേഷപ്പകർച്ചയിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മെയ് 28നാണ് കാട്ടാളൻ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

ഗജകേസരിയോഗം, ഗജരാജമന്ത്രം, പ്രായിക്കരപാപ്പാൻ തുടങ്ങി ആന പ്രമേയമായെത്തിയ നിരവധി സിനിമകളിൽ ജഗദീഷ് മുമ്പും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആനക്കൊമ്പ് കടത്തും മറ്റുമൊക്കെ ഇതിവൃത്തമായെത്തുന്ന കാട്ടാളനിലും ശ്രദ്ധേയ വേഷത്തിലാണ് ജഗദീഷ് എത്താനൊരുങ്ങുന്നത്. ചിത്രത്തിൽ ആന തന്നെ ഓടിക്കുന്നതടക്കമുള്ള രംഗങ്ങളുണ്ടെന്നും ആനക്കൊപ്പമുള്ള രംഗങ്ങളിലെല്ലാം ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വി.എഫ്.എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്‍റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്.