കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ സർക്കാർ തികഞ്ഞ ഉദാസീനതയാണ് കാണിച്ചത് : നസ്റുദ്ദീൻ ഷാ

 കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി ബോളിവുഡ് നടൻ നസ്റുദ്ദീൻ ഷാ. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും

 

 കോവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി ബോളിവുഡ് നടൻ നസ്റുദ്ദീൻ ഷാ. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും അനുഭവിച്ച യാതനകളും അനുഭവങ്ങളും രേഖപ്പെടുത്തിയ ‘Trust in a Time of Crisis’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് 76 കാരനായ താരം കേന്ദ്ര സർക്കാരിന്റെ സമീപനത്തെ വിമർശിച്ചത്. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ സർക്കാർ തികഞ്ഞ ഉദാസീനതയാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെക്കുറിച്ച് ചടങ്ങിൽ പരാമർശമുണ്ടായി. പ്രമുഖ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് എഴുതിയ പുസ്തകത്തിന്റെ ആമുഖഭാഗവും മറ്റ് പ്രസക്ത ഭാഗങ്ങളും ഉദ്ധരിച്ചുകൊണ്ട് സംസാരിക്കവെയാണ് നസ്റുദ്ദീൻ ഷാ സർക്കാരിന്റെ നടപടിയെ വിമർശിച്ചത്. ‘എന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല, ഞാൻ എന്റെ താടിയും മുടിയും വളർത്താൻ നോക്കുകയാണ് എന്ന മട്ടിലുള്ള ഒരു ഉദാസീനമായ സമീപനത്തോടെയാണ് ആ പ്രഖ്യാപനം നടത്തിയത്’ എന്ന് നസീറുദ്ദീൻ ഷാ പരിഹസിച്ചു. ഭാവിയിൽ ഉണ്ടാകാനിടയുള്ള ഏത് പൊതുആരോഗ്യ അടിയന്തരാവസ്ഥയും വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികളാകും ഉയർത്തുകയെന്നും, അതിനെ നേരിടാൻ തികച്ചും വ്യത്യസ്തമായ നേതൃത്വ പാടവവും പുതിയ പരിഹാര മാർഗ്ഗങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദൃശ്യനായ ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകരെ ‘രക്തസാക്ഷികൾ’ എന്നാണ് നസ്റുദ്ദീൻ ഷാ വിശേഷിപ്പിച്ചത്. മഹാമാരിക്കാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടുകളും അർപ്പണബോധവും തന്നെ അത്യധികം അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു നടന്റെ ഏറ്റവും വലിയ ആയുധം അവന്റെ ഭാവനയാണ്. എന്നാൽ നിങ്ങളുടെ അനുഭവം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ എന്റെ ഭാവന പോലും പരാജയപ്പെടുന്നു. ആ പി.പി.ഇ കിറ്റുകൾക്കുള്ളിൽ കിടന്ന് നിങ്ങൾ അനുഭവിച്ച ചൂടും വിയർപ്പും ശാരീരിക ബുദ്ധിമുട്ടുകളും ഒരിക്കലും എനിക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്.

എന്നിട്ടും ജോലിയിൽ നിന്ന് പിന്നോട്ട് പോകാൻ ആരും തയാറായില്ല. നിങ്ങളുടെ ആ സമർപ്പണത്തിന് മുന്നിൽ എന്റെ ഹൃദയം ബഹുമാനത്താൽ നിറയുകയാണ് നസ്റുദ്ദീൻ ഷാ വികാരഭരിതനായി വ്യക്തമാക്കി. ഡോക്ടർമാർ പങ്കുവെച്ച അനുഭവങ്ങൾ കേൾക്കുന്നത് അങ്ങേയറ്റം വിജ്ഞാനപ്രദവും അതേസമയം തന്നെ ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.