ഗീതു മോഹൻദാസ് ചിത്രത്തിനെതിരേ പരാതി; അശ്ലീല ഉള്ളടക്കത്തിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ

ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'നെതിരായ പരാതിയിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ. ആം ആദ്മി പാർട്ടി വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് കമ്മിഷൻ നടപടി. സമാന പരാതിയുമായി സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളിയും സെൻസർ ബോർഡിനെ സമീപിച്ചിട്ടുണ്ട്.
 
ജനുവരി എട്ടിന് യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന ഫസ്റ്റ് ഗ്ലിംപ്‌സ് ടീസറിനെതിരേയാണ് പരാതി. ടീസറിൽ അശ്ലീല ഉള്ളടക്കമുണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച പരാതി നൽകിയത്. ടീസർ പൊതു പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്യണമെന്നും എഎപി ആവശ്യപ്പെട്ടു.

പരാതിയുടെ പകർപ്പിനൊപ്പമാണ് സെൻസർ ബോർഡിൽനിന്ന് കമ്മിഷൻ വിശദീകരണം തേടിയത്. പരാതിയിൽ ആവശ്യമായ നടപടിയെടുത്ത ശേഷം റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.

ഇ- മെയിൽ വഴിയാണ് ദിനേശ് കല്ലഹള്ളി സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിക്ക് പരാതി നൽകിയത്. ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ല. ടീസർ ഉടൻ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട്, സെൻസർ ബോർഡ് ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ ഉദ്ധരിച്ചാണ് പരാതി.

'ടോക്സിക്കി'ന്റെ ടീസറിലെ ബോൾഡ് രംഗങ്ങൾ ചൂണ്ടിക്കാട്ടി ഗീതു മോഹൻദാസിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. ടീസറിലെ നായകനെ അവതരിപ്പിക്കുന്ന ഭാഗം സ്ത്രീകളെ പ്രദർശനവസ്തുവാക്കുന്നുവെന്നും വിൽപ്പനച്ചരക്കാക്കുന്നുവെന്നുമായിരുന്നു പ്രധാനവിമർശനം.