താൻ ഒരു വലിയ കൊമേഴ്‌സ്യൽ ഹീറോ അല്ല, തന്റെ പേര് മാത്രം കൊണ്ട് ഒരു സിനിമയെ ബാങ്കബിൾ ആക്കാൻ കഴിയില്ല :  ദുൽഖർ സൽമാൻ

  സിനിമാ ലോകത്ത് താൻ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. താൻ ഒരു വലിയ കൊമേഴ്‌സ്യൽ ഹീറോ അല്ലെന്നും, തന്റെ പേര് മാത്രം കൊണ്ട് ഒരു സിനിമയെ ബാങ്കബിൾ ആക്കാൻ കഴിയില്ലെന്നും ദുൽഖർ തുറന്നു സമ്മതിച്ചു.

 

  സിനിമാ ലോകത്ത് താൻ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. താൻ ഒരു വലിയ കൊമേഴ്‌സ്യൽ ഹീറോ അല്ലെന്നും, തന്റെ പേര് മാത്രം കൊണ്ട് ഒരു സിനിമയെ ബാങ്കബിൾ ആക്കാൻ കഴിയില്ലെന്നും ദുൽഖർ തുറന്നു സമ്മതിച്ചു.

അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ കാഴ്ചപ്പാടുകളും, തിരഞ്ഞെടുപ്പുകളും, പേടികളും പങ്കുവെച്ചത്. വലിയ ബജറ്റ് സിനിമകളുടെ ഭാഗമാകുമ്പോൾ നിർമാതാവിന്റെ പണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിലുമുണ്ടെന്നും, അതുകൊണ്ടാണ് തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ അത്രയേറെ ശ്രദ്ധിക്കുന്നതെന്നും ദുൽഖർ പറയുന്നു.

തനിക്ക് ഇതുവരെ തന്നെ ഒരു വലിയ കൊമേഴ്‌സ്യൽ ഹീറോ ആയി കാണാനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം ഉദാഹരണമായി പറഞ്ഞത് സ്വന്തം പിതാവ് മമ്മൂട്ടിയെ കുറിച്ചാണ്. മമ്മൂട്ടിക്ക് മെയിൻസ്ട്രീം എന്റർടെയ്നറുകളിലും, അതേസമയം കണ്ടന്റ് ഓറിയന്റഡ് സിനിമകളിലും ഒരുപോലെ തിളങ്ങാൻ കഴിയും. അങ്ങനെയുള്ള ഒരു ബാലൻസ് ആണ് താനും സ്വപ്നം കാണുന്നതെന്ന് ദുൽഖർ പറഞ്ഞു.

എന്നാൽ ആ നിലയിലേക്ക് എത്തുക എന്നത് ഇപ്പോഴും തനിക്ക് ഒരു വലിയ വെല്ലുവിളിയാണ്. ‘പക്ഷേ, അതിനെ ഞാൻ ഭയപ്പെടുന്നതുകൊണ്ട് തന്നെ ഞാൻ അത് ചെയ്യാൻ ശ്രമിക്കും. അതിനെ കീഴടക്കുക എന്നത് ഞാൻ കയറാൻ ആഗ്രഹിക്കുന്ന ഒരു വലിയ മലയായിരിക്കും’ ദുൽഖർ പറഞ്ഞു. തനിക്ക് പേടിയുള്ള കാര്യങ്ങളെ തന്നെയാണ് താൻ എപ്പോഴും നേരിടാൻ ശ്രമിക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

ആമിർ ഖാൻ ഒരിക്കൽ സൽമാൻ ഖാന്റെ അപ്പീലിനെ വിശേഷിപ്പിച്ചത് 'ബ്രൂട്ട്' എന്നാണ്. അതായത്, കേവലം തന്റെ സാന്നിധ്യം കൊണ്ട് മാത്രം ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാൻ കഴിയുന്ന ശക്തി. അദ്ദേഹത്തിന്റെ സിനിമകൾ വലിയ ഓപ്പണിങ് നേടും, വളരെക്കാലം ഓടും. അദ്ദേഹത്തിന് അത്തരത്തിലുള്ള ഫോളോവിങ് ഉണ്ട്. അത് പല വർഷങ്ങളുടെയും പതിറ്റാണ്ടുകളുടെയും കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത വളരെ അപൂർവമായ ഒരു കാര്യമാണ്’ ദുൽഖർ പറഞ്ഞു.

തനിക്ക് അത്തരത്തിലുള്ള ഒരു ശക്തിയില്ലെന്നാണ് ദുൽഖറിന്റെ വിലയിരുത്തൽ. തന്റെ സാന്നിധ്യം മാത്രം കൊണ്ട് ഒരു സിനിമ വിജയിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് വലിയ ബജറ്റുള്ള പ്രോജക്ടുകൾ വരുമ്പോൾ ഈ അനിശ്ചിതത്വം കൂടുതൽ പ്രധാനമാകും.

നിർമാതാക്കൾ ഒരു സിനിമയിൽ നിക്ഷേപിക്കുന്ന പണത്തിന്റെ റിസ്കിനെക്കുറിച്ച് താൻ എപ്പോഴും ബോധവാനാണെന്ന് ദുൽഖർ പറഞ്ഞു. ‘ഞാൻ എപ്പോഴെങ്കിലും കുറച്ച് ബജറ്റുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ, എന്റെ മനസ്സിൽ ഞാൻ ചിന്തിക്കുന്നത് ഇത് എന്റെ നിർമാതാക്കൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യണം എന്നാണ്. ഞാൻ മാത്രം കൊണ്ട് ഒരു സിനിമ ബാങ്കബിൾ ആകുമെന്ന് ഞാൻ കരുതുന്നില്ല. അതിന് കൂടുതൽ കാര്യങ്ങൾ വേണം, സബ്സ്റ്റൻസ് വേണം, കുറച്ച് സത്യസന്ധതയും സത്യവും വേണം’ ദുൽഖർ പറഞ്ഞു. ഒരു സിനിമ വിജയിക്കാൻ വെറും ഒരു ജനപ്രിയ മുഖം മാത്രം പോരാ എന്നാണ് താരത്തിന്റെ നിലപാട്.

കൊമേഴ്‌സ്യൽ വിജയം പ്രധാനമാണെങ്കിലും, പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിയുന്ന വൈകാരികമായ ആഴമുള്ള കഥകളിലേക്കാണ് താൻ കൂടുതൽ ആകർഷിക്കപ്പെടുന്നതെന്ന് ദുൽഖർ വ്യക്തമാക്കി. ‘ഉസ്താദ് ഹോട്ടലിൽ നമ്മൾ പറയുന്നത് പോലെ, 'സുലൈമാനി വിത്ത് മൊഹബ്ബത്ത്.' ഈ സിനിമകളിൽ സ്നേഹം ഉണ്ടായിരിക്കണം’ ദുൽഖർ പറഞ്ഞു.

ഒരു സിനിമ ആദ്യ ആശയത്തിൽ നിന്ന് തിയറ്റർ റിലീസിൽ എത്തുമ്പോഴേക്കും ഒരുപാട് മാറിപ്പോകാമെന്നും താരം ചൂണ്ടിക്കാട്ടി. ക്രിയേറ്റീവ് തീരുമാനങ്ങൾ, പ്രൊഡക്ഷൻ ബുദ്ധിമുട്ടുകൾ, ഫിലിംമേക്കറുടെ നിയന്ത്രണത്തിന് അപ്പുറമുള്ള സാഹചര്യങ്ങൾ എന്നിവയെല്ലാം അവസാന പ്രൊഡക്ടിനെ ബാധിക്കാം. തുടക്കത്തിൽ വിചാരിച്ചത് പോലെയാകണമെന്നില്ല അവസാനം പുറത്തുവരുന്ന സിനിമ.