50 കോടി കളക്ഷൻ കടന്ന് ‘അതിരടി’
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’ തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിക്കുന്നു. മേയ് 14-ന് റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 51 കോടി രൂപയുടെ മാന്ത്രികസംഖ്യ മറികടന്നു കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രം 29 കോടി രൂപ നേടിയ ചിത്രം വിദേശ മാർക്കറ്റുകളിൽ നിന്ന് 22 കോടി രൂപയും സ്വന്തമാക്കിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. റിലീസിന് തലേദിവസം നടത്തിയ പെയ്ഡ് പ്രിവ്യൂകളിൽ നിന്ന് തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഒരു പക്കാ മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനറായെത്തിയ ഈ ചിത്രം വെക്കേഷൻ കാലത്ത് കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നുണ്ട്.
വൻ ജനപ്രീതി നേടിയ ‘മിന്നൽ മുരളി’ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അതിരടി. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നടൻ ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന സവിശേഷതയുമുള്ള ഈ ചിത്രം ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.