അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികളാണ് ഇന്ന് രാവണപ്രഭു സിനിമയ്ക്ക് ഡാൻസ് കളിക്കുന്നത്; രഞ്ജിത്ത്
റിലീസിലും റീ റിലീസിലും മോഹൻലാൽ വിജയിച്ച് നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ തേടി ദാദ സാഹേബ് ഫാൽക്കെ പുരസ്‍കാരം കൂടെ എത്തിയത്. പിന്നീട് മോഹൻലാലിനെ ഇന്ത്യ മുഴുവൻ ആഘോഷിക്കുകയായിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രഞ്ജിത്ത് സംവിധാനത്തിലെത്തിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു. ചിത്രം വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ ആരാധകർ കൊണ്ടാടുകയായിരുന്നു. രാവണപ്രഭു ഇറങ്ങിയ സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികൾ സിനിമയ്ക്ക് ഡാൻസ് കളിച്ചുവെന്നും അവർ സിനിമ എൻജോയ് ചെയ്തുവെന്നും പറയുകയാണ് സംവിധായകൻ രഞ്ജിത്ത്.
'രാവണപ്രഭു ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികളാണ് സിനിമ കാണാൻ തിയേറ്ററിൽ വന്ന് ഡാൻസ് കളിക്കുന്നത്. അവർ ആ സിനിമ എൻജോയ് ചെയ്തു. അത്രയേയുള്ളൂ,' രഞ്ജിത്ത് പറഞ്ഞു. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്.റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.