ചിദംബരവും മോഹൻലാലും ഒന്നിക്കുന്ന ചിത്രമോ ? പ്രതികരിച്ച് സംവിധായകൻ
‘മഞ്ഞുമ്മൽ ബോയ്സ്’ ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരവും മോഹൻലാലും ഒന്നിക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് സംവിധായകൻ രംഗത്ത്. മോഹൻലാലുമായി പുതിയ ചിത്രത്തെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നിലവിൽ നടന്നിട്ടില്ലെന്ന് ചിദംബരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ 'ബാലൻ: ദി ബോയ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഈ മാസം ആദ്യമാണ് ചിദംബരത്തിന്റെ പിതാവും പ്രൊഡക്ഷൻ കൺട്രോളറുമായ സതീഷ് പൊതുവാൾ മോഹൻലാലിനൊപ്പമുള്ള ചിദംബരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പുതിയ സിനിമയുടെ സൂചന നൽകുന്ന രീതിയിലായിരുന്നു ഇതിന്റെ അടിക്കുറിപ്പ്. ഇതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുത്തത്. എന്നാൽ ഈ അഭ്യൂഹങ്ങളെ ചിദംബരം പൂർണ്ണമായി തള്ളി.
‘ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. എല്ലാത്തിനുമുപരി ഒരു നല്ല സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ ലാലേട്ടനുമായി ഇതുവരെ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല’ ചിദംബരം പറഞ്ഞു. പിതാവ് പങ്കുവെച്ച പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ആരോടോ എന്തോ കേട്ട് പങ്കുവെച്ചതായിരിക്കാം എന്നും, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.
മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് മഹാനടന്മാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ചിദംബരം അഭിമുഖത്തിൽ പങ്കുവെച്ചു. മമ്മൂക്കയായാലും ലാലേട്ടനായാലും അവർ ഏത് കഥാപാത്രത്തോടും പെട്ടെന്ന് പൊരുത്തപ്പെടുന്ന നടന്മാരാണ്. അവർക്ക് എന്ത് നൽകിയാലും അവരത് മികച്ചതാക്കും. മമ്മൂട്ടി, മോഹൻലാൽ എന്ന താരപദവിയേക്കാൾ അവർക്കുള്ളിലെ നടനെ മുൻനിർത്തി വേണം അവരെ സമീപിക്കാൻ. ലാലേട്ടൻ എന്ന നടനെക്കുറിച്ച് ചിന്തിക്കുമ്പോൾ മീശ പിരിക്കുന്നതും മാസ്സ് നിമിഷങ്ങളുമൊക്കെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ ആരാധകർക്ക് ആഘോഷിക്കാനുള്ള വക കൂടി നൽകേണ്ടതുണ്ടെന്നും ചിദംബരം നിരീക്ഷിച്ചു.
ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ 'ബാലൻ: ദി ബോയ്' ജൂൺ 19ന് തിയറ്ററുകളിലെത്തും. രോമാഞ്ചം, ആവേശം എന്നീ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജിത്തു മാധവനാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിലെ 'മാർഷേ ദു ഫിലിം' വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഇതിനോടകം തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ടൊവിനോ തോമസും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.