ത്രിൽ, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്‌ലർ; ചിത്രം ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന്..
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോ തോമസ് - തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗംഭീര മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ട മികവ് തന്നെയാണ് .
'2018', 'എആർഎം', എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണ, 'ഹനുമാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ഐഡന്റിറ്റി" ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടവയാണ്. 'ഫോറെൻസിക്'ന് ശേഷം ടോവിനോ - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഐഡന്റിറ്റിയ്ക്ക് ഉണ്ട്.
വിഷ്വൽ ഇമ്പാക്ട് ഉളവാക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭാഷണങ്ങളാലും ദൃശ്യങ്ങളാലും സമ്പന്നമാണ്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളും ഫ്രെമുകളും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന മറ്റൊരു സിനിമ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.
തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് - പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു.
സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി.
അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു
അബ്കാരി കേസുകളില്‍ 66 പ്രതികളെയും മയക്കുമരുന്ന് കേസുകളില്‍ 26 പ്രതികളെയും കോട്പ കേസുകളില്‍ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്പ കേസുകളിലായി 18000/രൂപ പിഴയും ഈടാക്കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 11 ക്യാമ്പുകളില്‍ പരിശോധ നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തി. ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധനയും നടത്തി.
വിദേശമദ്യഷാപ്പുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
ശബരിമല തീര്‍ത്ഥാടനം 2024-25
ശബരിമലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ റെയിഡുകള്‍ സംഘടിപ്പിച്ചുവരുന്നു. ആകെ 2422 കോട്പ കേസുകളും 484400 രൂപ പിഴയും ഈടാക്കി.
ഡീ - അഡിക്ഷന്‍ സെന്റര്‍
ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിമുക്തിമിഷന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ, ആവശ്യമായ കൗണ്‍സിലിങ്, യോഗ പരിശീലനം എന്നിവ സൗജന്യമായി നല്‍കുന്നതിനായി റാന്നി താലൂക്ക് ഹോസ്പിറ്റലിനോട് ചേര്‍ന്ന് 2018 മുതല്‍ ഡീ - അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 10 വരെ 768 പേര്‍ ഒ.പി വിഭാഗത്തിലും 182 പേര്‍ ഐ.പി വിഭാഗത്തിലും ചികിത്സ തേടി.
ഇവിടെ ഒരേ സമയം ഒന്‍പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി വിമുക്തി മിഷന്റെ ഭാഗമായി ടെലിവിഷന്‍, റാന്നി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രന്ഥശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, വിമുക്തി മാനേജര്‍, ജില്ലാ വിമുക്തി മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ നേരിട്ട് എത്തി വിലയിരുത്തും.
ഡീ അഡീഷന്‍ സെന്ററിന്റെ സേവനം ലഭിക്കുന്നതിനായി 9188522989 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസിനെ അറിയിക്കുന്നതിനായി ജില്ലയില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222873 (കണ്‍ട്രോള്‍ റൂം), 9496002863 (പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍), 155358 (ടോള്‍ ഫ്രീ നമ്പര്‍) എന്നിവയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.