കന്നഡ ചിത്രത്തിലെ വിവാദ ഗാനം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

പാട്ടിനെതിരേ ഗായകന്‍ അര്‍മാന്‍ മാലിക് രംഗത്തെത്തി. 'ഇങ്ങനെയൊരു പാട്ട് എന്റെ ടൈംലൈനില്‍ വന്നു.

 

അശ്ലീലച്ചുവ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഗാനം നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ധ്രുവ് സര്‍ജയെ നായകനാക്കി പ്രേം കന്നഡയില്‍ ഒരുക്കുന്ന ചിത്രമാണ് 'കെഡി' ദ ഡെവിള്‍'. സഞ്ജയ് ദത്ത്, ശില്‍പ ഷെട്ടി എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നോറാ ഫത്തേഹി ആണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന് പിന്നാലെ നിറയെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ജന്യ സംഗീതം നല്‍കിയ, റക്വീബ് ആലം വരികളെഴുതിയ ഗാനത്തിന്റെ വരികളെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. അശ്ലീലം നിറഞ്ഞതും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമാണ് ഗാനത്തിന്റെ വരികള്‍ എന്നാണ് കമന്റുകള്‍ ഉയരുന്നത്.

ഇപ്പോഴിതാ അശ്ലീലച്ചുവ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഗാനം നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദ്വയാര്‍ഥപ്രയോഗങ്ങളുള്ള വരികള്‍ക്കെതിരേ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ സമൂഹത്തെയും സംസ്‌കാരത്തെയും ബാധിക്കുന്ന നടപടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് നിരോധനമെന്നും കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സിനിമയും സമൂഹവും ഇത്രയും മുന്നോട്ട് പോയ സാഹചര്യത്തിലും ഇത്തരത്തിലും വരികളുള്ള ഗാനം പുറത്തുവരുന്നത് ലജ്ജയുണര്‍ത്തുന്നു എന്നാണ് ചിലര്‍ എക്‌സിലൂടെ കുറിക്കുന്നത്. പാട്ടിനെതിരേ ഗായകന്‍ അര്‍മാന്‍ മാലിക് രംഗത്തെത്തി. 'ഇങ്ങനെയൊരു പാട്ട് എന്റെ ടൈംലൈനില്‍ വന്നു. ശരിയാണെന്ന് ഉറപ്പുവരുത്താന്‍ രണ്ടുതവണ കേട്ടു. വാണിജ്യചിത്രങ്ങളിലെ പാട്ടുകളുടെ അധഃപതനത്തില്‍ ശരിക്കും ഖേദമുണ്ട്', എന്ന് അര്‍മാന്‍ മാലിക് എക്സില്‍ കുറിച്ചു.