“ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്, ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ” : രവി മോഹൻ
തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന പുതിയ കുറിപ്പുമായി രംഗത്തെത്തി നടൻ രവി മോഹൻ. ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ്സ് തുറന്നത്. തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയായി തന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.
സ്ത്രീകൾ പറയുന്നത് മാത്രമാണ് എപ്പോഴും ശരിയെന്ന പൊതുബോധത്തെ വിമർശിച്ച രവി മോഹൻ, പുരുഷന്മാരും വലിയ രീതിയിൽ ഇരകളാക്കപ്പെടുന്നുണ്ടെന്നും നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. “ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ,” എന്ന് അദ്ദേഹം കുറിച്ചു. ആർതിയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള സൗഹൃദം വലിയ ചർച്ചയായെങ്കിലും, തന്റെ ജീവിതത്തിലെ ‘ഹീലർ’ എന്നാണ് രവി അവരെ വിശേഷിപ്പിക്കുന്നത്.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും അഭിനയത്തിലും സംവിധാനത്തിലും സജീവമാണ് താരം. സുധാ കൊങ്ങരയുടെ ‘പരാശക്തി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം നിരവധി പ്രോജക്റ്റുകളാണ് രവി മോഹനെ തേടിയെത്തുന്നത്. ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘കരത്തെ ബാബു’ ഉടൻ തിയറ്ററുകളിലെത്തും. കൂടാതെ, യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.