ബജറ്റിന്റെ പേരിൽ സിനിമയെ താഴ്ത്തിക്കെട്ടുന്നതിന് പകരം പിന്തുണയ്ക്കണം,‘രാമായണത്തിൽ അഭിമാനിക്കണം’ ; യഷ്  

 4000 കോടി രൂപയുടെ ബജറ്റ്, ആഗോളതലത്തിൽ ഇന്ത്യൻ ഇതിഹാസത്തെ അവതരിപ്പിക്കാനുള്ള ലക്ഷ്യം, രാവണനായി യഷിന്റെ വേഷപ്പകർച്ച—‘രാമായണം’ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ചിത്രത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ യഷ്.

 

 4000 കോടി രൂപയുടെ ബജറ്റ്, ആഗോളതലത്തിൽ ഇന്ത്യൻ ഇതിഹാസത്തെ അവതരിപ്പിക്കാനുള്ള ലക്ഷ്യം, രാവണനായി യഷിന്റെ വേഷപ്പകർച്ച—‘രാമായണം’ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ചിത്രത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ യഷ്. ബജറ്റിന്റെ പേരിൽ സിനിമയെ താഴ്ത്തിക്കെട്ടുന്നതിന് പകരം പിന്തുണയ്ക്കണമെന്നും ലോകവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് രാജ്യം അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു പ്രതികരണം.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി അഭിനയിക്കുന്ന യഷ് സഹനിർമാതാവ് കൂടിയാണ്. ഇന്ത്യയിൽനിന്ന് ഉയർന്നുവന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന വലിയ സൃഷ്ടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്നും കർണാടകയിലെ ആരാധകർക്കായി നിലകൊള്ളുമെന്നും യഷ് പറഞ്ഞു. ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് അഭിമാനത്തോടെ സംസാരിക്കാൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മുൻചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ നേരിട്ട തിരിച്ചടിയെക്കുറിച്ചും യഷ് സംസാരിച്ചു. നെഗറ്റീവ് നിരൂപണങ്ങളും ഓൺലൈൻ വിമർശനങ്ങളും ഉണ്ടായിട്ടും സിനിമയെ പിന്തുണച്ച കന്നഡ ആരാധകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ആരാധകർ തിയേറ്ററുകളിലെത്തി ചിത്രത്തെ പിന്തുണച്ചത് മറക്കാനാകില്ലെന്നും ആ കടം പൂർണമായി വീട്ടാൻ കഴിയില്ലെന്നും യഷ് പറഞ്ഞു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രമാണ്. ആഗോളതലത്തിൽ ഏകദേശം 330 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, താര സുതാരിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

നമിത് മൽഹോത്രയും യഷും ചേർന്ന് നിർമിക്കുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളുമാണ് അഭിനയിക്കുന്നത്. ആദ്യഭാഗം 2026 നവംബർ 5നും രണ്ടാംഭാഗം 2027ലെ ദീപാവലിക്കും തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ചിത്രത്തിന്റെ വൻ ബജറ്റിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ, ഇന്ത്യൻ ഇതിഹാസത്തെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ് യഷ് ഈ സിനിമയെ അവതരിപ്പിക്കുന്നത്.