ബോക്സ് ഓഫീസിൽ തരംഗമായി വിജയിയുടെ ‘ജന നായകൻ’

 

 തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള ദളപതി വിജയിന്റെ ‘ജന നായകൻ’ ബോക്സ് ഓഫീസിൽ വൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ആഗോളതലത്തിൽ ഇതുവരെ 296 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഉടൻ തന്നെ 300 കോടി ക്ലബ്ബിൽ ഇടംനേടും. കേരളത്തിൽ നിന്ന് 14 കോടിയിലധികവും വിദേശത്തുനിന്ന് 85 കോടിയും നേടിയ ചിത്രം തമിഴ്‌നാട്ടിൽ മാത്രം 100 കോടിയിലധികം കളക്ട് ചെയ്തു. വിജയ് ചിത്രങ്ങൾക്ക് തമിഴ്‌നാട്ടിൽ തുടർച്ചയായി ലഭിക്കുന്ന ഒമ്പതാമത്തെ 100 കോടി നേട്ടമാണിത്.

റിലീസ് ദിനം മുതൽ ആദ്യ തിങ്കളാഴ്ച വരെ ഹൗസ് ഫുൾ ഷോകളോടെ മുന്നേറുന്ന ചിത്രം ഇന്ത്യയൊട്ടാകെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 5.8 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചുകഴിഞ്ഞു. വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ ജനനായകനെ പ്രായഭേദമന്യേ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ച് റിലീസ് ചെയ്ത് വൻവിജയമാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യനും ആക്ഷൻ രംഗങ്ങൾ അനിൽ അരശുമാണ് നിർവഹിച്ചിരിക്കുന്നത്.