ബോക്‌സ് ഓഫീസിൽ കുതിച്ച് ‘കറുപ്പ്’

 

 സൂര്യയെ നായകനാക്കി ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കറുപ്പ്’. പൂർണ്ണമായും ഒരു മാസ് കൊമേഴ്സ്യൽ എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് നേടുന്നത്. സമീപകാലത്തെ പരാജയങ്ങൾക്ക് ശേഷം സൂര്യയ്ക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ‘കറുപ്പ്’. ആഗോള ബോക്‌സ് ഓഫീസിൽ ഇതുവരെ 120.75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 78.75 കോടി ഗ്രോസ് നേടിയപ്പോൾ, വിദേശ മാർക്കറ്റുകളിൽ നിന്നുള്ള നേട്ടം 42.00 കോടി രൂപയാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേക്കോവറിലാണ് ഇരുവരും ‘കറുപ്പിൽ’ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങൾ വൻ തുകയ്ക്ക് വിറ്റുപോയതായാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ‘കറുപ്പിന്റെ’ ഒടിടി റൈറ്റ്‌സ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനും സാറ്റലൈറ്റ് റൈറ്റ്‌സ് സീ തമിഴിനുമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.