അനിമലി’ന്‍റെ ബോക്സ് ഓഫീസ് കളക്ഷൻ തകർത്ത് ടോപ് 10-ൽ ഇടംപിടിച്ച് ‘ധുരന്ധർ’

 

ആഗോള ബോക്സ് ഓഫീസിൽ ജെയിംസ് കാമറൂണിന്‍റെ അവതാർ ഫയർ & ആഷ് വമ്പൻ എൻട്രി നടത്തിയിട്ടും കുലുങ്ങാതെ രൺബീർ സിംഗ് നായകനായ ‘ധുരന്ധർ’. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ സിനിമ 800 കോടിയെന്ന നാ‍ഴികക്കല്ല് മറികടന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 555.5 കോടി കളക്ഷനാണ് ചിത്രം നേടിയത്. ഇതോടെ, ഇന്ത്യയിൽ കളക്ഷന്റെ അടിസ്ഥാനത്തിൽ എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ധുരന്ധർ ഇടം നേടി.

553 കോടി രൂപ മൊത്തം കളക്ഷൻ നേടിയ രൺബീർ കപൂറിന്റെ അനിമലിനെ മറികടന്നാട് വമ്പന്മാരുടെ ക്ലബ്ബിൽ ചിത്രം പത്താം സ്ഥാനം നേടിയത്. ഇതോടെ ടോപ് ടെൻ ക്ലബ്ബിലെത്തുന്ന 2025 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. 622 കോടി രൂപ നേടിയ ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 ഉം 601 കോടി രൂപ നേടിയ വിക്കി കൗശലിന്റെ ചാവയുമാണ് ഇതിന് മുമ്പ് ആദ്യപത്തിൽ സ്ഥാനം പിടിച്ച ഈ വർഷത്തെ ചിത്രങ്ങൾ.

‘ധുരന്ധർ’ സൗണ്ട് ട്രാക്കിലെ എല്ലാ ട്രാക്കുകളും സ്‌പോട്ടിഫൈ ഗ്ലോബൽ ടോപ്പ് 200-ൽ ഇടം നേടിയും റെക്കോഡിട്ടിരുന്നു. സിനിമയിലെ അക്ഷയ് ഖന്നയുടെ വില്ലൻ കഥാപാത്രവും, അദ്ദേഹത്തിന്റെ ചില സീനുകളും സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗിനും അക്ഷയ് ഖന്നക്കും പുറമേ അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, സാറാ അർജുൻ എന്നീ വൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം 2026 ഈദ് സമയത്ത് റിലീസ് ചെയ്തേക്കും.