ഏപ്രിൽ 2ന് ബോക്‌സ്ഓഫീസ് പോര് ;  ദൃശ്യം 3 vs വാഴ 2 ,റിലീസ് ഒരേ ദിവസം 

'ദൃശ്യം3', 'വാഴ2' ചിത്രങ്ങൾ ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ദൃശ്യം3 . ആദ്യഭാഗത്തിൽ ജോർജ്കുട്ടിയുടെ കുടുബത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും കുടുംബത്തെ സംരക്ഷിക്കാനുള്ള നായകന്റെ നീക്കങ്ങളുമായിരുന്നു പ്രമേയം

 

 'ദൃശ്യം3', 'വാഴ2' ചിത്രങ്ങൾ ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ദൃശ്യം3 . ആദ്യഭാഗത്തിൽ ജോർജ്കുട്ടിയുടെ കുടുബത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും കുടുംബത്തെ സംരക്ഷിക്കാനുള്ള നായകന്റെ നീക്കങ്ങളുമായിരുന്നു പ്രമേയം. ദൃശ്യം 2ൽ അതേ കേസിന്റെ തുടർ അന്വേഷണമായിരുന്നു. എന്നാൽ മൂന്നാം ഭാഗത്തിൽ ഇവരുടെ കുടുബത്തിന്റെ നിലവിലുള്ള അവസ്ഥയാണ് കാണിക്കുന്നതെന്നും ആദ്യ രണ്ടു ഭാഗങ്ങളെ പോലെ സസ്പെൻസ് പ്രതീക്ഷിച്ച് ആരും തീയറ്ററിൽ എത്തരുതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

4 വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. ആശിർവാദ് സിനിമാസ്-പനോരമ സ്റ്റുഡിയോസ്-പെൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, മുരളി ഗോപി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിച്ച 'വാഴ'യുടെ രണ്ടാം ഭാഗം 'വാഴ 2', വിപിൻ ദാസിന്റെ തിരക്കഥയിൽ എസ് എ സവിൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ പ്രിയ താരങ്ങളും അഭിനയിക്കുന്നു. പരീക്ഷ കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മുഴുനീള കോമഡി എന്റർടൈനർ എത്തുന്നത്. ഹാഷിർ, അഭിൻ ബിനോ, അലൻ ആന്റണി, വിനായക്, ജഗദീഷ്, കോട്ടയം നസീർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ഒരേദിവസം രണ്ട് വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ എത്തുന്നതോടെ ബോക്സ് ഓഫീസിൽ ആര് മേൽക്കൈ നേടുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. കുടുംബപ്രേക്ഷകർ ജോർജുകുട്ടിയുടെ നീക്കങ്ങൾക്കായി കാത്തിരിക്കുമ്പോൾ, യുവാക്കൾ വാഴയുടെ രണ്ടാം വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.