ബോളിവുഡ് ‘ദൃശ്യം 3’ ആഗോള കളക്ഷൻ 366 കോടി കടന്നു 

 ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ (ദൃശ്യം ദ കൺക്ലൂഷൻ) തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. മോഹൻലാൽ നായകനായ മലയാളം പതിപ്പ് പുറത്തിറങ്ങി നാലാം മാസത്തിന് ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്.

 

 ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ (ദൃശ്യം ദ കൺക്ലൂഷൻ) തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. മോഹൻലാൽ നായകനായ മലയാളം പതിപ്പ് പുറത്തിറങ്ങി നാലാം മാസത്തിന് ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. അഭിനയത്തിലും മേക്കിങ്ങിലും ഒരുപോലെ പുതുമ തീർത്ത ചിത്രം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സിനിമയുടെ ക്ലൈമാക്സും അവസാന ഭാഗങ്ങളും ഏറ്റവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ആരാധകർ പറയുന്നു. ആഗോളതലത്തിൽ ഇതിനോടകം തന്നെ 366.50 കോടി രൂപ വാരിക്കൂട്ടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകുകയും ചിത്രത്തെ ഒരു “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മലയാളം പതിപ്പിനേക്കാൾ ഗംഭീരമായാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, ഇതിലെ ട്വിസ്റ്റുകൾ തികച്ചും അപ്രതീക്ഷിതമാണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. തുടക്കം മുതൽ ഒടുക്കം വരെ മികച്ച ഒരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്ന സിനിമയുടെ തിരക്കഥയും പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. അഭിനേതാക്കളുടെ ശക്തമായ പ്രകടനത്തിനൊപ്പം ജയ്‌ദീപ് അഹ്ലാവത്തിന്റെ റോൾ ചിത്രത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മലയാളം ഒറിജിനലിൽ നിന്ന് കഥയിൽ ചില മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് തിരക്കഥയിൽ ഈ മാറ്റങ്ങൾ വരുത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.