ബി​ഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യം! വന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

 

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.  ഓരോ സീസണ്‍ കഴിയുന്തോറും പുതിയ പ്രേക്ഷകരെ നേടിയാണ് യാത്ര തുടര്‍ന്നത്. ഏഴാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ത്തന്നെ അവതാരകനായ മോഹന്‍ലാല്‍ ഷോയുടെ എട്ടാം സീസണും പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണ്‍ എന്ന് മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ എട്ടാം സീസണ്‍ സംബന്ധിച്ച് ഏറെ കൗതുകകരവും പുതുമ നിറഞ്ഞതുമായ ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഷോയ്ക്ക് വേണ്ടി അവതാരകനായ മോഹന്‍ലാല്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ വിവരം എത്തിയിരിക്കുന്നത് എന്നതും കൗതുകം.

മിനിസ്ക്രീനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ ശ്രദ്ധ നേടിയ അഭിനേതാക്കളും ഇന്‍ഫ്ലുവന്‍സേഴ്സുമൊക്കെയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളായി സാധാരണ എത്താറ്. എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളായി കോമണര്‍ എന്ന ഒരു വിഭാഗം കൂടി മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ട്. സാധാരണക്കാര്‍ക്ക് ഷോയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത്. അവസാന സീസണില്‍ വിജയിയായ അനീഷ് ടി എ ഈ കാറ്റഗറിയില്‍ ഷോയില്‍ എത്തിയ ആളായിരുന്നു. ഒന്നിലധികം കോമണേഴ്സും ഒരുമിച്ച് പങ്കെടുത്ത സീസണ്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ നിരവധി കോമണേഴ്സ് ആവും ഷോയില്‍ ഉണ്ടാവുക എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് മോഹന്‍ലാലിന്‍റെ പ്രഖ്യാപനം.

കോമണേഴ്സിനെ തെരഞ്ഞെടുക്കാനായി ഒരു പ്രത്യേക ഷോ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്. മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ- സീസണ്‍ 8 ല്‍ നിരവധി സാധാരണക്കാര്‍ക്കാണ് അവസരം കൊടുക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ നമ്മള്‍ ഒരുക്കുകയാണ്. ബിഗ് ബോസ് അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ചു വരുന്നവര്‍ക്ക്. ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം, മോഹന്‍ലാലിന്‍റെ വാക്കുകള്‍. ബി​ഗ് ബോസില്‍ പങ്കെടുക്കണമെന്ന ആ​ഗ്രഹവുമായി നടക്കുന്നവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് ഒരുങ്ങുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തും. സീസണ്‍ 8 നെ കൂടുതല്‍ കൗതുകകരമാക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.