തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമില്ല ; ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന
തന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്ന പ്രൊഫൈലുകൾക്കെതിരെ ആരാധകർക്ക് കർശന മുന്നറിയിപ്പുമായി നടി ഭാവന രംഗത്ത്. തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമില്ലെന്നും തന്റെ പേരിൽ കാണുന്ന പേജുകളെല്ലാം വ്യാജമാണെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. ഭാവനയുടെ പേരിൽ അടുത്തകാലത്തായി ഒട്ടേറെ ഫെയ്‌സ്ബുക്ക് ഫാൻ പേജുകൾ സജീവമാകുകയും അവ ഔദ്യോഗിക അക്കൗണ്ടുകളാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടിയുടെ ഈ വിശദീകരണം. താൻ നിലവിൽ സജീവമായി ഉപയോഗിക്കുന്ന ഏക സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാം മാത്രമാണെന്നും, തന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ കാണുന്ന പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് എന്റേതല്ലെന്ന് തിരിച്ചറിയണമെന്നും ഭാവന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഏറെക്കാലമായി ഇൻസ്റ്റഗ്രാമിൽ മാത്രം സജീവമായി തുടരുന്ന ഭാവന, തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ‘അനോമി’യാണ് തിയേറ്ററുകളിലെത്തിയ നടിയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമായ ഭാവനയുടേതായി മൂന്ന് കന്നഡ ചിത്രങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്. വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തെറ്റായ പ്രചരണങ്ങളിൽ ആരാധകർ വീണുപോകരുതെന്നും നടി ഓർമ്മിപ്പിച്ചു.