‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു ; ടൈറ്റിൽ അറിയാം
തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ഭരതനാട്യം’, അതിന്റെ വൻ വിജയത്തിന് പിന്നാലെയെത്തി പ്രേക്ഷകരെ പ്രീതിപ്പെടുത്തിയ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ എന്നിവയ്ക്ക് ശേഷം ഈ ജനപ്രിയ ഫ്രാഞ്ചൈസി തങ്ങളുടെ മൂന്നാം വരവിന് ഒരുങ്ങുകയാണ്.
തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ഭരതനാട്യം’, അതിന്റെ വൻ വിജയത്തിന് പിന്നാലെയെത്തി പ്രേക്ഷകരെ പ്രീതിപ്പെടുത്തിയ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ എന്നിവയ്ക്ക് ശേഷം ഈ ജനപ്രിയ ഫ്രാഞ്ചൈസി തങ്ങളുടെ മൂന്നാം വരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വൻ വിജയം ആഘോഷിക്കാൻ സംഘടിപ്പിച്ച സക്സസ് മീറ്റിൽ വെച്ചാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മലയാളികളുടെ പ്രിയ താരങ്ങളായ സായ് കുമാറും കലാരഞ്ജിനിയും ചേർന്നാണ് ചിത്രത്തിന്റെ വേറിട്ട ടൈറ്റിൽ പുറത്തുവിട്ടത്. ‘ഭരതനാട്യം 3: രാസലീല’ എന്നാണ് ഈ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളും ഫാമിലി കോമഡി എന്റർടൈനറുകൾ ആയിരുന്നെങ്കിൽ ഇത്തവണ റൂട്ട് അല്പം മാറുകയാണ്. ഒരു പക്കാ ഹൊറർ-കോമഡി ജോണറിലാണ് ‘രാസലീല’ ഒരുങ്ങുന്നത്. സമീപകാലത്ത് മലയാള സിനിമയിൽ കോമഡി ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും അവതരണത്തിലെ പുതുമയാണ് ‘ഭരതനാട്യം’ സീരീസിനെ ജനപ്രിയമാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണ പേടിപ്പിക്കാനും ചിരിപ്പിക്കാനുമായി എത്തുന്ന മൂന്നാം ഭാഗത്തിന് ബോക്സ് ഓഫീസിൽ വലിയ സാധ്യതകളുണ്ടെന്നാണ് സിനിമാസ്വാദകരുടെ വിലയിരുത്തൽ.
ആദ്യ രണ്ട് ഭാഗങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി തുടങ്ങി രണ്ടാം ഭാഗത്തിലുണ്ടായിരുന്ന വൻ താരനിര തന്നെ പുതിയ ചിത്രത്തിലും അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ഹൊറർ മൂഡിന് മാറ്റുകൂട്ടാൻ ചില പുതിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.