ഭഭബയിലെ വീഡിയോ ഗാനം പുറത്ത്
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഭഭബ’. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ‘ശ്രീയായി’ എന്ന വീഡിയോ ഗാനം പുറത്ത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം കെഎസ് ചിത്ര ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. ചിത്രത്തിൽ മോഹൻലാൽ ഒരു നീണ്ട അതിഥി വേഷം അവതരിപ്പിക്കുന്നുണ്ട്.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. ആദ്യ ദിനം ചിത്രം15 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ ഓപ്പണിങ്, ആഗോള ഓപ്പണിങ് എന്നിവയാണ് ചിത്രം സ്വന്തമാക്കിയത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.