ഒടുവിൽ ഭഭബ ഒടിടിയിലേക്ക് ?
ദിലീപും മമ്മൂട്ടിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം. സമീപകാല റിലീസുകളിൽ ഭഭബയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു സിനിമ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ആയിരുന്നു പ്രഖ്യാപനം മുതലുണ്ടായ ഹൈപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനെല്ലാം ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രോളുകൾക്കും വിമർശനങ്ങൾക്കും ഭഭബ പാത്രമാകുകയും ചെയ്തു. എന്നിരുന്നാലും കളക്ഷനിൽ ആദ്യദിനമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഭഭബ ഇപ്പോൾ ഒടിടിയിൽ എത്താൻ പോകുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. സീ 5ന് ആണ് പടത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2026 ജനുവരി 16 മുതൽ ഭഭബ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. അന്നേദിവസം തന്നെ മമ്മൂട്ടി നായകനായി എത്ത്തിയ സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലും ഒടിടിയിൽ എത്തും. സോണി ലിവിലൂടെയാണ് ഈ പടത്തിന്റെ സ്ട്രീമിംഗ്.
താര ദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് ഭഭബ. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 45.7 കോടിയാണ് ഭഭബ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പതിനേഴ് ദിവസം വരെയുള്ള കണക്കാണിത്. അതിന് ശേഷമുള്ള കളക്ഷൻ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യ നെറ്റ് 23.43 കോടി, ഗ്രോസ് 27.6 കോടി, ഓവർസീസ് 18.1 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ആഗോളതലത്തിൽ ആദ്യദിനം 15 കോടി രൂപ ഭഭബ കളക്ട് ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 17-ാം ദിവസം 8 ലക്ഷം രൂപ മാത്രമാണ് നേടാനായത്.