‘ഭ.ഭ.ബ’ നാളെ തിയേറ്ററുകളിൽ എത്തും

 

ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഭ.ഭ.ബ.’യുടെ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ, ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറിയിട്ടുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഈ ആക്ഷൻ എൻ്റർടെയ്നറിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ, നടൻ മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നു എന്നത് ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ്.

U/A 13+ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം “വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഭ.ഭ.ബ.’ എന്നത് “ഭയം ഭക്തി ബഹുമാനം” എന്നതിൻ്റെ ചുരുക്ക രൂപമാണ്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷം സമ്മാനിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകിയത്. ഇതിന് പിന്നാലെ ഇറങ്ങിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.