ആന്ധ്രയിലും തമിഴ്‌നാട്ടിലും തരംഗമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 

 

 നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ പുതിയ ബോക്സ് ഓഫീസ് ചരിത്രം രചിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങിയ ചിത്രം കേരളത്തിന് പുറമെ അയൽസംസ്ഥാനങ്ങളിലും സമാനതകളില്ലാത്ത വിജയയാത്രയാണ് തുടരുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരു മലയാള ചിത്രം തുടർച്ചയായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നത് അപൂർവ്വമായ കാഴ്ചയാണ്.

തമിഴ്‌നാട്ടിൽ തമിഴ് ചിത്രങ്ങളോട് കിടപിടിക്കുന്ന മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ സാധാരണയായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കാറുള്ളതിനേക്കാൾ വലിയ മുന്നേറ്റമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും മികച്ച കളക്ഷനോടെ പ്രദർശനം തുടരാൻ ചിത്രത്തിന് സാധിച്ചു.

കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെയാണ് ചിത്രം ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചാണ് നിവിൻ പോളി ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയത്.