ജീവിതത്തെ വിശ്വസിക്കൂ, അത്രയേറെ മനോഹരമാണത് - സൂര്യ
റെട്രോ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ജീവിത വിജയത്തെക്കുറിച്ച് പറഞ്ഞ് നടൻ സൂര്യ. വിദ്യാഭ്യാസകാലത്ത് താൻ നേരിട്ട തോൽവികളെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. ബോർഡ് പരീക്ഷകൾ ഒഴികെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും എല്ലാ പരീക്ഷകളിലും തോറ്റയാളാണ് താനെന്ന് സൂര്യ ഓർമിച്ചു. കോളേജിൽ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു. എന്നിട്ടും ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ തനിക്ക് അവസരം ലഭിച്ചെന്നും സൂര്യ പറഞ്ഞു.
ജീവിതത്തെ വിശ്വസിക്കൂ എന്ന് സൂര്യ ആഹ്വാനംചെയ്തു. ജീവിതത്തിൽ ധാരാളം മനോഹരമായ കാര്യങ്ങൾ നടക്കും. അവസരങ്ങൾ വരുമ്പോൾ കൈവിടരുത്. ജീവിതത്തിൽ എല്ലാവർക്കും പരമാവധി മൂന്ന് അവസരങ്ങൾ ലഭിക്കും. ആ അവസരത്തെ കൈവിട്ടുകളയാതിരിക്കണം. കാർത്തിക് സുബ്ബരാജ് തന്നെ അതിനുദാഹരണം. ചെറിയ റിസ്ക് എടുക്കാം. പാഷനേറ്റ് ആയിരുന്നാൽ മാത്രം പോരാ. ഒബ്സെസ്ഡ് ആയിരിക്കണം. അങ്ങനെയായിരുന്നാൽ എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാം. ഈ ജീവിതം അത്രമേൽ മനോഹരമാണെന്നും സൂര്യ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് ബിരുദം പൂർത്തിയാക്കാൻ പിന്തുണ നൽകുന്ന തൻ്റെ എൻജിഒ ആയ അഗരം ഫൗണ്ടേഷനെക്കുറിച്ച് സൂര്യ സംസാരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടായി അവർ ഈ രംഗത്ത് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് സാധിച്ചു, അതിൻ്റെ ഫലമായി ഏകദേശം 7000-8000 ബിരുദധാരികൾ ഉണ്ടായി. എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അഗരത്തിൻ്റെ ഭാഗമായിരുന്നവരും ഇപ്പോഴുള്ളവരുമെല്ലാം ഭാവിയെ രൂപപ്പെടുത്തുകയാണെന്നും സൂര്യ കൂട്ടിച്ചേർത്തു.