ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്

 

ഇന്ദ്രജിത്ത് നായകനായ ധീരം എന്ന ചിത്രത്തിന് ജിസിസിയില്‍ പ്രദര്‍ശനാനുമതിയില്ല. ഇന്ദ്രജിത്ത് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. യുഎഇയിലെ റിലീസ് ദിനത്തില്‍ അവിടുത്തെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ചിത്രം കാണണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഇന്ദ്രജിത്ത് അറിയിച്ചു. സമകാലിക മലയാള സിനിമകളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഗള്‍ഫ്. അതിനാല്‍ത്തന്നെ അവിടുത്തെ റിലീസ് നഷ്ടപ്പെടുന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ച് വലിയ ക്ഷീണമാണ്. 

ഈ മാസം 5 നായിരുന്നു ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ്. മികച്ച പ്രതികരണങ്ങളാണ് കേരളത്തിലെ റിലീസ് ശേഷം ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്. റെമോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഫാര്‍സ് ഫിലിംസിന് ആയിരുന്നു ജിസിസിയിലെ വിതരണാവകാശം. ഇന്ദ്രജിത്തിനൊപ്പം അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ധ് എസ് യു ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലൊട്ടി 90സ് കിഡ്സ് എന്നീ സിനിമകൾക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രോജക്ട് ഡിസൈനർ മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ, ആർട്ട് അരുൺ കൃഷ്ണ.