‘ബാലൻ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ തിയേറ്ററുകളിലേക്ക്.

 

 മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ തിയേറ്ററുകളിലേക്ക്. ഈ വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആപ്പുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ പ്രദർശിപ്പിച്ച് രാജ്യാന്തര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയ ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന വിജയചിത്രത്തിന് ശേഷം ചിദംബരവും, ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റുകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച സംവിധായകൻ ജിത്തു മാധവനും ഈ ചിത്രത്തിനായി കൈകോർക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് വലിയ പ്രതിഭകളുടെ കൂട്ടുകെട്ട് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും സുഷിൻ ശ്യാം ഈണം നൽകിയ ‘താക്കോൽ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സസ്‌പെൻസും ത്രില്ലും ദുരൂഹതയും നിറഞ്ഞ ട്രെയിലർ, വ്യക്തിത്വം, സ്വത്വം, അതിജീവനം തുടങ്ങിയ ആഴത്തിലുള്ള മാനുഷിക വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു തകർപ്പൻ സിനിമാനുഭവമായിരിക്കും ‘ബാലൻ’ എന്ന സൂചനയാണ് നൽകുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.