വിജയകരമായി പത്താം ദിവസത്തിലേക്ക് കുതിച്ച് ‘ബാലൻ’ ; വൈകാരിക കുറിപ്പുമായി നിർമ്മാതാവ്

ചിദംബരത്തിന്റെ സംവിധാനത്തിലും ജിത്തു മാധവന്റെ രചനയിലും തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് ‘ബാലൻ- ദി ബോയ്’ എന്ന ചിത്രം. മലയാള സിനിമയിലെ പുതിയ ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ തെസ്‌പിയൻ ഫിലിംസിന്റെ സതീഷ് ഫെൻ പങ്കുവെച്ച വൈകാരികമായ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്.

 

ചിദംബരത്തിന്റെ സംവിധാനത്തിലും ജിത്തു മാധവന്റെ രചനയിലും തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് ‘ബാലൻ- ദി ബോയ്’ എന്ന ചിത്രം. മലയാള സിനിമയിലെ പുതിയ ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ തെസ്‌പിയൻ ഫിലിംസിന്റെ സതീഷ് ഫെൻ പങ്കുവെച്ച വൈകാരികമായ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. ജൂൺ 28-ന് മുംബൈയിലെ അന്ധേരി സിറ്റി മാളിൽ വെച്ചാണ് താൻ ആദ്യമായി ഈ ചിത്രം പൂർണ്ണമായി കാണുന്നതെന്ന് സതീഷ് ഫെൻ പറയുന്നു. 2006-ൽ ഇതേ മാളിലെ തിയേറ്ററിൽ ഇരുന്ന് ഷാരൂഖ് ഖാൻ ചിത്രം കണ്ടപ്പോൾ, ഭാവിയിൽ തനിക്കൊരു പ്രൊഡക്ഷൻ കമ്പനി ഉണ്ടാകണമെന്നും താൻ നിർമ്മിച്ച ചിത്രം ഇതേ സ്ക്രീനിൽ കാണണമെന്നും ആഗ്രഹിച്ചിരുന്നു. 2026 ജൂൺ 28-ന് തിയേറ്ററിലെ ബിഗ് സ്‌ക്രീനിൽ ‘തെസ്പിയൻ ഫിലിംസ്’ എന്ന തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ പേര് തെളിഞ്ഞുകണ്ടപ്പോൾ വാക്കുകൾക്കതീതമായ സന്തോഷമാണ് തോന്നിയതെന്ന് അദ്ദേഹം കുറിച്ചു.

ഒരു നിർമ്മാതാവാകാനുള്ള തന്റെ യാത്രയ്ക്ക് കരുത്തുപകർന്ന അഫ്സർ സൈദിക്കും, പ്രതിസന്ധികളിൽ ഒപ്പം നിന്ന കെ.വി.എൻ പ്രൊഡക്ഷൻസിന്റെ വെങ്കിട്ട് സാറിനും സതീഷ് ഫെൻ നന്ദി രേഖപ്പെടുത്തി. മുൻപ് പ്രിയദർശനുമായി ചേർന്ന് ‘ഹൈവാൻ’ എന്ന ചിത്രം ഒരുക്കിയതിന് ശേഷമാണ് ചിദംബരത്തിലൂടെ ഈ സിനിമയിലേക്ക് എത്തുന്നത്. ജയിലിൽ ജനിച്ച്, പിന്നീട് പുതിയൊരു വ്യക്തിത്വം തേടി അമ്മയോടൊപ്പം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ ജീവിതമാണ് ‘ബാലൻ’ പറയുന്നത്. കേവലം ഒറ്റവരിയിലുള്ള കഥ കേട്ടാണ് ഈ സിനിമ നിർമ്മിക്കാൻ താൻ തയ്യാറായതെന്നും, സംവിധായകൻ ചിദംബരത്തിലുള്ള പൂർണ്ണ വിശ്വാസമാണ് ഈ ചിത്രത്തെ ഇത്രയും മനോഹരമായ ഒരു ശുദ്ധ സിനിമാനുഭവമാക്കി മാറ്റിയതെന്നും സതീഷ് ഫെൻ കൂട്ടിച്ചേർത്തു.

കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിച്ച ‘ബാലൻ’, റിലീസിന് മുൻപ് തന്നെ പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ചു മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ വൻ വിജയമായി കുതിപ്പ് തുടരുകയാണ്.