‘ബാലന്റെ’ ആഗോള കളക്ഷൻ 34.5 കോടിയിലേക്ക്
‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ എന്ന ചിത്രം ആഗോളതലത്തിൽ വൻ വിജയമായി മുന്നേറുന്നു. ജൂൺ 19-ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ ഒരു മാസം പൂർത്തിയാക്കാറാകുമ്പോൾ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 34.5 കോടി രൂപ നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഇതിനോടകം മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നായി ഇടംപിടിച്ചു കഴിഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ‘മാർഷേ ഡു ഫിലിം’ വിഭാഗത്തിൽ പ്രദർശിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.
കൃത്യമായ കളക്ഷൻ കണക്കുകൾ പരിശോധിക്കുമ്പോൾ കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 17.4 കോടി രൂപ സ്വന്തമാക്കി. കർണാടകയിൽ നിന്ന് 2.58 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 1.01 കോടിയും ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൊത്തം 21.81 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശ വിപണിയിൽ നിന്ന് മാത്രം 12.74 കോടി രൂപയും സിനിമ വാരിുകൂട്ടിയിട്ടുണ്ട്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ഡോളി ജൂൺ, ബീന ആന്റണി തുടങ്ങിയ പ്രമുഖ താരനിരയാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നിരിക്കുന്നത്.