‘ബാലൻ’ തരംഗം 4 ദിവസം കൊണ്ട് വാരിയത് കോടികൾ
‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബാലൻ’ ആഗോള ബോക്സ് ഓഫീസിൽ കത്തിക്കയറുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളും റിവ്യൂകളും നേടിയ ചിത്രം കളക്ഷനിലും വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16.70 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം എട്ട് കോടി രൂപ ഇതിനകം ചിത്രം വാരിക്കൂട്ടി. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ചിദംബരം ഒരുക്കിയ ഈ ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമ കണ്ട പ്രമുഖ താരങ്ങളും സംവിധായകരും ചിത്രത്തെയും അണിയറപ്രവർത്തകരെയും വാനോളം പുകഴ്ത്തുകയാണ്. ചിദംബരം മൂന്നാം തവണയും പ്രേക്ഷകരെ ഞെട്ടിച്ചെന്നും പ്രകടനങ്ങൾ എല്ലാം ഗംഭീരമാണെന്നും നടൻ ബേസിൽ ജോസഫ് അഭിപ്രായപ്പെട്ടു. ചിത്രം തന്നെ ഏറെ ഇമോഷണലാക്കിയെന്നും സാങ്കേതിക പ്രവർത്തകർ മികച്ച പണിയാണ് എടുത്തിട്ടുള്ളതെന്നും നടൻ ആസിഫ് അലി പറഞ്ഞപ്പോൾ, ‘ബാലൻ’ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റർപീസ് ആണെന്നുമാണ് റാപ്പർ വേടൻ പ്രതികരിച്ചത്. ഗൗരി കിഷൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ ബാലനായി വേഷമിട്ട ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, സിനാൻ എന്നിവരുടെ പ്രകടനങ്ങളാണ് പ്രധാനമായും പ്രേക്ഷകർ എടുത്തുപറയുന്നത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ തരംഗ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ രചന നിർവഹിച്ച ഈ ചിത്രം പൂർണ്ണമായും പുതുമുഖങ്ങളെ ഓഡിഷനിലൂടെ കണ്ടെത്തിയാണ് ഒരുക്കിയിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സി’ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ ഒരുക്കിയ അജയൻ ചാലിശേരി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ പിആർഒമാർ.