‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്   

 ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മെയ് 14-ന്
 

 ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ബേസിലിനും ടൊവിനോയ്ക്കും വിനീതിനുമൊപ്പം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരും പോസ്റ്ററിലുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും ചേർത്തൊരുക്കുന്ന ഒരു മാസ് എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെയും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിലാണ് നിർമ്മിക്കുന്നത്. ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധാന സംരംഭമാണിത്. ചിത്രത്തിൽ ടൊവിനോ തോമസും സമീർ താഹിറും കോ-പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വേനലവധി കാലത്ത് കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആഘോഷിക്കാവുന്ന ഒരു പക്കാ ഫെസ്റ്റിവൽ മൂഡാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

ചിത്രത്തിലെ താരങ്ങളുടെ വേറിട്ട ഗെറ്റപ്പുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയായി ബേസിൽ എത്തുമ്പോൾ, ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനായാണ് ടൊവിനോ വേഷമിടുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ സ്വയം തന്നെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ബേസിലും മാസ് ലുക്കിൽ ടൊവിനോയും എത്തുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. റിയ ഷിബു സ്വാതി ആർ. കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ഷാൻ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ബേസിൽ ജോസഫ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷയാണ് ‘അതിരടി’ക്ക് മേലുള്ളത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നത് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും.