'അറ്റ്' ഫെബ്രുവരി 13ന് തിയറ്ററുകളിൽ എത്തും
ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അറ്റ്'ൻറെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ച ആളാണ് ഡോൺ മാക്സ്. കൊച്ചുറാണി പ്രൊഡക്ഷൻസിൻറെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ആകാശ് സെൻ ആണ് നായകൻ. ടെക്നോ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ എന്ന പ്രത്യേകതയും അറ്റ്നുണ്ട്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണിത്.
ഷാജു ശ്രീധറിനൊപ്പം ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങി ഒട്ടേറെപേർ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാരക്ടർ പോസ്റ്ററുകളും സിനിമയുടെ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കോഡുകൾ ഉപയോഗിച്ച് പൂർണമായും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. സൈബർ സിസ്റ്റംസാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയത്. സാരിഗമാ മലയാളം മ്യൂസിക് റൈറ്റ്സും നിർവഹിക്കും.